സാമ്രാജ്യത്ത്വ ശക്തികൾ പലരൂപത്തിൽ തകർത്താടുന്ന ഈ ലോകത്തിൽ ഫിദൽ കാസ്ട്രോയുടെ വേർപാട് മനുഷ്യരാശിക്ക് വലിയ നഷ്ടമാണെന്ന് വി എസ് അച്യുതാനന്ദൻ പറഞ്ഞു. കാസ്ട്രോ വിപ്ലവ നഭയിലെ ശുഭനക്ഷത്രമായിരുന്നു. ആ നക്ഷത്രമാണ് ഇപ്പോൾ അസ്തമിച്ചിരിക്കുന്നതെന്നും വി എസ് പറഞ്ഞു. ഇരട്ട സഹോദരങ്ങളെപ്പോലെ പ്രവര്‍ത്തിച്ച കാസ്‌ട്രോയും ചെഗുവേരയും പ്രകാശ ഗോപുരങ്ങളായി നിലകൊണ്ടു. തന്റെ കർമകാണ്ഡം വിജയകരമായി പൂർത്തിയാക്കിയതിനു ശേഷമാണ് കാസ്ട്രോ വേർപിരിഞ്ഞിരിക്കുന്നതെന്നും വി എസ് അഭിപ്രായപ്പെട്ടു.
ക്യൂബയുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ച വിപ്ലവ നേതാവായിരുന്നു ഫിദൽ എന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ മൂന്നാം ലോകരാജ്യങ്ങളെ അണിനിരത്തുന്നതില്‍ അദ്ദേഹം സുപ്രധാനമായ പങ്കാണ് വഹിച്ചത്. സോഷ്യലിസത്തിന്റെ പാതയില്‍ പതറാതെ കാസ്‌ട്രോ ക്യൂബയെ മുന്നോട്ട് നയിച്ചുവെന്ന് കാനം അനുസ്മരിച്ചു. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ മോചനത്തിനായി പ്രവർത്തിച്ചയാളാണ് അദ്ദേഹമെന്നും കാനം പറഞ്ഞു.