എബോളയ്ക്ക് മരുന്നായി; മനുഷ്യരില്‍ പരീക്ഷണം തുടങ്ങുന്നു

വെള്ളി, 19 സെപ്‌റ്റംബര്‍ 2014 (17:13 IST)
മരണ ഹസ്തവുമായി ലോകത്തേ വിഴുങ്ങാന്‍ കൊതിച്ചു നിന്ന എബോളയ്ക്കു മുന്നില്‍ പകച്ചു നിന്ന മനുഷ്യര്‍ക്ക് പ്രതീക്ഷയുടെ കിരണങ്ങള്‍ പകര്‍ന്നുകൊണ്ട് എബോളാ വ്വാഐറസിനെതിരേയുള്ള വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നു. എബോള വൈറസിന്റെ ജനിതക ഘടകങ്ങള്‍ അടങ്ങിയ ഈ വാക്സിന്‍ മനുഷ്യ ശരീരത്തില്‍ എത്തുന്നതൊടെ ശരീരം അതിനെതിരേ ആന്റിബോഡി ഉത്പാദിപ്പിക്കും.

ഇത്തരം ആന്റിബോഡികള്‍ ഉതപാദിപ്പിക്കപ്പെട്ട ശരീരത്തില്‍ പിന്നീട് എബോള ബാധയുണ്ടാകില്ലെന്നാണ് ഗവേഷകര്‍ കരുതുന്നത്. ബ്രിട്ടീഷ് കമ്പനിയായ ഗ്ലാക്സോസ്മിത് ക്ലീന്‍ എന്ന കമ്പനിയാണ് വാക്സിന്‍ വികസിപ്പിച്ചത്. നിര്‍വീര്യമാക്കപ്പെട്ട എബോളാ വൈറസാണ് ഈ വാക്സിന്റെ പ്രധാന ഘടകം.

ബ്രിട്ടണ്‍ന്റേയും അമേരിക്കയുടേയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മരുന്ന് നിര്‍മ്മിക്കപ്പെട്ടത്. ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന പരീക്ഷണത്തിനൊപ്പം അമേരിക്കയിലും ഇതേ മരുന്ന് പരീക്ഷിക്കും. ഇതിനോടകം മരുന്ന് നിര്‍മ്മിക്കുന്നതിനായി 46 ലക്ഷം ഡോളറാണ് ചെലവഴിച്ചിരിക്കുന്നത്.

എന്നാല്‍ സൈറ വിഭാഗത്തില്‍ പെട്ട എബോള വൈറസിനേ ലക്ഷ്യമിട്ടാണ് ഗവേഷകര്‍ മരുന്ന് വികസിപ്പിച്ചത്. ഇത്തരം വൈറസുകളാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വ്യാപിക്കുന്നത്. അതേ സമയം പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന എബോള വൈറസ് അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണെന്ന് ഐക്യരാഷ്ട്ര സംഘടന അഭിപ്രായപ്പെട്ടു.

പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് അടിയന്തിര യുഎന്‍ ദൗത്യത്തിന് തുടക്കം കുറിക്കുകയാണെന്നും യുഎന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ അറിയിച്ചു. എബോളയെ നേരിടാന്‍  ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ മാര്‍ഗരറ്റ് ചാനുമായി ചേര്‍ന്ന് അന്താരാഷ്ട്ര കര്‍മ്മപദ്ധതിക്ക് രൂപം നല്‍കുമെന്നും എബോള നാശം വിതക്കുന്ന ലൈബീരിയ, സിയറ ലിയോണ്‍, ഗിനിയ എന്നീ രാജ്യങ്ങള്‍ക്ക് സാമ്പത്തികവും രാഷ്ട്രീയവുമായ എല്ലാ സഹായവും നല്‍കുമെന്നും ഐക്യരാഷ്ട്ര സംഘടന അറിയിച്ചു.

ഓരോ മൂന്ന് ആഴ്ച കൂടുമ്പോളും എബോള ബാധിക്കുന്നവരുടെ എണ്ണം ഇരട്ടിയായാണ് വര്‍ധിക്കുന്നത്. ഇതിനൊടകം 2600-ല്‍ അധികം ആളുകളാണ് എബോള ബാധിച്ചതിനെ തുടര്‍ന്ന് മരിച്ചത്. അതേ സമയം വാക്സിന്‍ പ്രയോജനം ചെയ്യുമെങ്കില്‍ നവംബറോടെ വിതരണം ചെയ്യാനാണ് യു‌എന്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

എന്നാല്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി കുറ്റമറ്റതാക്കിയതിനു ശേഷം അടുത്ത വര്‍ഷം ആദ്യത്തൊടെ വിതരണം തുടങ്ങിയാല്‍ മതിയെന്നാണ് ഗവേഷകരുടെ തീരുമാനം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക