മണ്ണിര ശല്യം കൂടി; വിമാനസര്‍വീസ് താളംതെറ്റി!

വെള്ളി, 18 ജൂലൈ 2014 (12:54 IST)
മണ്ണിരശല്യം മൂലം വിമാനസര്‍വീസ് താളംതെറ്റി. കേട്ടുകേഴ്വിയില്ലാത്ത സംഭവമാണെങ്കില്‍ പോലും നേപ്പാളിലാണ് ഈ ദുരവസ്ഥ. കാഠ്‌മണ്ഡുവിലെ ത്രിഭുവന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ അധികൃതര്‍ക്ക്‌ മണ്ണിരകള്‍ തലവേദനയായി മാറി‌. മണ്ണിര ശല്യം മൂലം ചൊവ്വാഴ്‌ചയും ബുധനാഴ്‌ചയുമായി നിരവധി ആഭ്യന്തര സര്‍വീസുകളും അന്താരാഷ്‌ട്ര സര്‍വീസുകളും താ‍മസിപ്പിക്കേണ്ടി വന്നു.
 
മഴ സീസണില്‍ റണ്‍വേകള്‍ മണ്ണിരകള്‍ പൊതിയുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം‌. ഈ സമയത്ത്‌ മണ്ണിരകളെ തിന്നാന്‍ പക്ഷികള്‍ കൂട്ടമായെത്തുന്നത്‌ അപകടം ക്ഷണിച്ചുവരുത്തുമെന്നതിനാലാണ്‌ സര്‍വീസുകള്‍ക്ക്‌ അനുമതി നല്‍കാന്‍ താമസം നേരിടുന്നത്‌.  കഴിഞ്ഞ ദിവസങ്ങളില്‍ മണ്ണിരശല്യം മൂലം പല വിമാനങ്ങളും ഒരു മണിക്കൂറോളം വൈകിയാണ്‌ സര്‍വീസ്‌ നടത്തിയത്‌.
 
വിമാനത്തില്‍ പക്ഷിയിടിച്ച്‌ അപകടങ്ങളുണ്ടായിട്ടുളളതിനാല്‍ അധികൃതര്‍ ഇക്കാര്യത്തില്‍ കര്‍ശനനിലപാടാണ്‌ എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം യു‌എസില്‍ എയര്‍ ഇന്ത്യ വിമാനം പക്ഷിയിടിച്ചത് മൂലം തിരിച്ചിറക്കേണ്ടി വന്നു.അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നേപ്പാളില്‍ വിമാനങ്ങള്‍ ഇറക്കുന്നതില്‍ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക