നേപ്പാളിന് ക്രിസ്റ്റ്യാനോ അമ്പത് കോടി നല്‍കിയിട്ടില്ല
വെള്ളി, 15 മെയ് 2015 (11:36 IST)
പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരവും റയല്‍ മാഡ്രിഡിന്റെ കൂന്തമുനയുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ നേപ്പാള്‍ ഭൂകമ്പത്തിലെ ദുരിതബാധിതര്‍ക്ക് 50 ലക്ഷം പൗണ്ട് (ഏകദേശം 50 കോടി രൂപ) സംഭാവന ചെയ്‌തെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് റിപ്പോര്‍ട്ട്. ഭൂകമ്പം തരിപ്പണമാക്കിയ നേപ്പാളിലെ കുട്ടികളുടെ തുടര്‍ന്നുള്ള ജീവിതത്തിനായി സേവ് ദ ചില്‍ഡ്രന്‍ എന്ന കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനക്ക് 50 കോടി രൂപ റൊണാൾഡോ സംഭാവന നൽകിയെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സേവ് ദ ചില്‍ഡ്രന്‍ വ്യക്തമാക്കി.
ഭൂകമ്പത്തെ തുടര്‍ന്ന് നേപ്പാളില്‍ ജീവിതം താറുമാറായപ്പോള്‍ അവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടി റൊണാൾഡോ ട്വിറ്ററിലൂടെ ലോകത്തോട് സഹായത്തിനായി അഭ്യര്‍ഥിച്ചിരുന്നു. പിന്നീട് സ്വന്തം അക്കൗണ്ടിൽ നിന്ന് 50 കോടി രൂപ നൽകുകയായിരുന്നുവെന്നുമാണ് വാര്‍ത്ത പരന്നത്. സേവ് ദ ചില്‍ഡ്രന്‍ എന്ന സര്‍ക്കാരിതര സംഘടനയുടെ ആഗോള അമ്പാസിഡര്‍ കൂടിയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അതുകൊണ്ടു തന്നെയാണ് ഡെയിലി മെയില്‍ വാര്‍ത്തയെ നിഷേധിച്ച് സേവ് ദ ചില്‍ഡ്രന്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.
ക്രിസ്‌റ്റിയാനോയുടെ പ്രതികരണങ്ങള്‍ സഹായകരമായിട്ടുണ്ട്. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ലോകശ്രദ്ധയിലെത്തിക്കുന്നതില്‍ അദ്ദേഹം നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ ക്രിസ്റ്റ്യാനോ 50 ലക്ഷം പൗണ്ട് നല്‍കിയെന്ന വാര്‍ത്ത വാസ്‌തവവിരുദ്ധമാണ്" എന്നായിരുന്നു സേവ് ദ ചില്‍ഡ്രന്‍ അറിയിച്ചത്.