കൊവിഡ് 19; യൂറോപ്പിൽ നിന്നുള്ള എല്ലാ യാത്രാ സർവീസുകളും യുഎസ് നിർത്തിവെച്ചു

അഭിറാം മനോഹർ

വ്യാഴം, 12 മാര്‍ച്ച് 2020 (08:40 IST)
കൊവിഡ് 19 ലോകമാകമാനം പടരുന്ന സാഹചര്യത്തിൽ യൂറോപ്പിൽ നിന്നുള്ള എല്ലാ യാത്രകളും യു എസ് 30 ദിവസകാലത്തേക്ക് നിർത്തിവെച്ചു. കൊറോണവൈറസ് വ്യാപനം തടയുന്നതിനാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. ഇറ്റലിയിലും ഫ്രാൻസിലുമടക്കം കൊറോണ വ്യാപകമായതിനെ തുടർന്നാണ് യൂറോപ്പിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പാണ് പ്രഖ്യാപനം നടത്തിയത്. യു കെയെ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
 
"പുതിയ കേസുകള്‍ ഞങ്ങളുടെ തീരങ്ങളില്‍ പ്രവേശിക്കുന്നത് തടയാന്‍, അടുത്ത 30 ദിവസത്തേക്ക് യൂറോപ്പില്‍ നിന്ന് അമേരിക്കയിലേക്കുള്ള എല്ലാ യാത്രകളും നിർത്തിവെക്കുകയാണ്.വെള്ളിയാഴ്ച്ച അർദ്ധരാത്രി മുതൽ നിയന്ത്രണം നിലവിൽ വരും" -രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് ട്രമ്പ് പറഞ്ഞു.121 രാജ്യങ്ങളിൽ കൊവിഡ് 19 ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കൊവിഡ് 19നെ ആഗോള മഹാമാരിയായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ നടപടി. നിയന്ത്രണങ്ങള്‍മൂലം പ്രതിസന്ധി നേരിടുന്ന ചെറുകിട-ഇടത്തരം സംരഭങ്ങള്‍ക്ക് വായ്പാ സൗകര്യങ്ങളും നികുതി ഇളവുകളും കൊണ്ടുവരുമെന്നും ട്രം‌പ് വ്യക്തമാക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍