കൊവിഡ് 19: ഇറ്റലിയിൽ 24 മണിക്കൂറിനുള്ളിൽ മരിച്ചത് 475 പേർ, കൊറോണ വ്യാപനം കൂടുന്നു

അഭിറാം മനോഹർ

വ്യാഴം, 19 മാര്‍ച്ച് 2020 (08:29 IST)
ലോകത്ത് കൊറൊണ ബാധിച്ച് മരിച്ചവരുടെ എണ്ണം 8,944 ആയി ഉയർന്നു. ഇന്നലെ മാത്രം 475 പേരാണ് ഇറ്റലിയിൽ കൊറൊണബാധ മൂലം മരിച്ചത്.കൊവിഡ് ബാധിച്ച് ഒരു ദിവസം ഒരു രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും വലിയ മരണസംഘ്യയാണിത്.
 
ഇറ്റലിയോടൊപ്പം സ്പൈനിലും,ഫ്രാൻസിലും മരണസംഘ്യ ഉയർന്നതോടെ കൊവിഡ് ബാധയുടെ മുന്നിൽ വിറങ്ങലിച്ച് നിൽക്കുകയാണ് യൂറോപ്പ്.ഇറ്റലിയിൽ മാത്രം ഇതുവരെ 2,978 പേരാണ് കൊറോണ ബാധയേറ്റ് മരണപ്പെട്ടത്.ചൈനക്ക് പുറത്ത് മരണം രേഖപ്പെടുത്തിയവരിൽ പകുതിയിലധികം പേർ ഇറ്റലിക്കാരാണ്.ഇറാനിൽ 147ഉം സ്പെയിനിൽ 105ഉം പേർ ഒരുദിവസത്തിനുള്ളിൽ മരിച്ചു. ബ്രിട്ടണിലും മരണം 100 കടന്നു.
 
ബെൽജിയം, ഗ്രീസ്, പോർച്ചുഗൽ, ചിലി എന്നീ രാജ്യങ്ങൾ പൂർണമായി അടച്ചിടാനുള്ള ഒരുക്കത്തിലാണ്.ജർമ്മനിയിൽ ഇന്നലെ മാത്രം 2,900 പേർക്ക് രോഗം സ്ഥിരീകരിച്ചു.ഫ്രാൻസിൽ കൊവിഡ് ബാധിതരുടെ സംഘ്യ 9,000 കടന്നപ്പോൾ ഇന്നലെ മാത്രമായി 89 പേർ മരണപ്പെട്ടു.കൊവിഡ് ബാധയെ തുടർന്ന് അമേരിക്കയിൽ മരണസംഘ്യ 110ന് മേൽ ഉയർന്നു. ഇതോടെ അമേരിക്ക-കാനഡ അതിർത്തികൾ താത്കാലികമായി അടച്ചിട്ടു.
 
മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻ താരം ഗാരി നെവിൽ തന്‍റെ രണ്ട് ഹോട്ടലുകളും ആരോഗ്യപ്രവർത്തകർക്ക് വിട്ടുനൽകി.പാകിസ്ഥാനിലും ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തു.2008ലെ സാമ്പത്തിക പ്രതിസന്ധിയെക്കാൾ വലിയ ആഘാതമാണ് തൊഴിൽമേഖലയിൽ കൊവിഡ് സൃഷ്ടിക്കുകയെന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടനയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍