ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ സിഡ്‌നിയിലെ കഫെയില്‍ സായുധ ഐസിസ് തീവ്രവാദി ബന്ദികളാക്കിയ രണ്ട് ഇന്ത്യക്കാരടക്കം ഇരുപതോളം പേരെ സുരക്ഷാസേന മോചിപ്പിച്ചു. 16 മണിക്കൂറോളം ബന്ദികളാക്കി ലോകത്തെ മുള്‍ മുനയില്‍ നിര്‍ത്തിയ ആയുധധാരിയെ വധിച്ച ശേഷമാണ് ബന്ദികളെ മോചിപ്പിച്ചത്. ഇറാനിയൻ വംശജൻ ഹാരൺ മോനിസ് എന്ന തീവ്രവാദിയാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ രണ്ട് ബന്ദികളിൽ ഒരാൾ കൊല്ലപ്പെട്ടു
സിഡ്നിയില്‍ ഓപ്പറ ഹൌസിനു സമീപമുള്ള ലിന്‍ഡ് ചോക്ക്ലേറ്റ് കഫേയില്‍ ഇന്ത്യന്‍ സമയം ഇന്നലെ പുലര്‍ച്ചെയാണ് മുപ്പതിലധികം പേരെ ആയുധധാരി ബന്ദിയാക്കിയത്. ഇന്‍ഫോസിസില്‍ എന്‍ജിനീയറായ ആന്ധ്ര സ്വദേശി യുവ എന്‍ജിനീയര്‍ വിശ്വകാന്ത് അംഗി റെഡ്ഡി, പുഷ്പേന്ദു ഘോഷ് എന്നിവരും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ആറുവർഷമായി വിശ്വകാന്ത് ഓസ്ട്രേലിയയിലാണ്. വിശ്വകാന്തിനെ രക്ഷപെടുത്തിയെന്ന വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ വിദേശകാര്യ മന്ത്റി സുഷമ സ്വരാജാണ് രണ്ടാമത്തെ ഇന്ത്യക്കാരൻ പുഷ്പേന്ദു ഘോഷ് സുരക്ഷിതനാണെന്ന് ട്വിറ്റ് ചെയ്തത്.
ഇന്ത്യന്‍ സമയം രാത്രി ഒന്‍പതോടെയാണു കഫേയിലേക്കു പൊലീസ് ഇരച്ചുകയറി ബന്ദികളെ മോചിപ്പിച്ചത്. ഇന്നലെ രാവിലെ നഗരത്തിലെ തന്ത്രപ്രധാനമായ മാർട്ടിൻ പ്ലേസിലെ ലിൻഡ് ചോക്കലേറ്റ് കഫേയിലാണ് രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. ഭക്ഷണം കഴിക്കാനെത്തിയ 30 പേരും പത്തു ജോലിക്കാരുമാണ് അപ്പോൾ ഹോട്ടലിലുണ്ടായിരുന്നത്. നെറ്റി മറച്ച് തുണി ചുറ്റി മുതുകിൽ ബാഗുമായി ഉള്ളിൽക്കടന്ന ഇയാൾ പെട്ടെന്ന് തോക്കുചൂണ്ടി എല്ലാവരെയും ബന്ദികളാക്കുകയായിരുന്നു. കഫെയുടെ സമീപത്തുള്ള സ്ഥാപനങ്ങളിലുള്ള ജനങ്ങളെ ഒഴിപ്പിച്ച അധികൃതര്‍ പ്രദേശത്ത് സായുധ പൊലീസിനെ വിന്യസിച്ചിരുന്നു. സിഡ്നിക്കു മുകളിലൂടെയുള്ള വ്യോമഗതാഗതം നിരോധിക്കുകയും ചെയ്തിരുന്നു.