നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് അമേരിക്ക വെടിവെച്ചിടുമോ?

ശനി, 8 മെയ് 2021 (09:52 IST)
നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റിന്റെ പാത യുഎസ് നിരീക്ഷിക്കുകയാണ്. റോക്കറ്റ് എവിടെ പതിക്കുമെന്നാണ് നിരീക്ഷിക്കുന്നത്. എന്നാല്‍, റോക്കറ്റ് വെടിവച്ചിടാന്‍ യുഎസ് ഉദ്ദേശിക്കുന്നില്ല. നാശനഷ്ടമുണ്ടാകാത്ത പ്രദേശത്താകും റോക്കറ്റ് പതിക്കുകയെന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറയുന്നത്. അതുകൊണ്ട് റോക്കറ്റ് വെടിവച്ചിടാന്‍ ആലോചനയില്ല. റോക്കറ്റിന്റെ അവശിഷ്ടം കടലില്‍ പതിക്കുമെന്നാണ് ചൈനയുടെ അവകാശവാദം. 

നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റിന്റെ ഭാഗങ്ങള്‍ ഇന്നോ നാളെയോ ഭൂമിയില്‍ പതിക്കും. ഇന്ന് രാത്രി വൈകിയോ നാളെ പുലര്‍ച്ചെയോ റോക്കറ്റ് ഭൂമിയില്‍ പതിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ആഫ്രിക്ക, തെക്കേ അമേരിക്ക വടക്കേ അമേരിക്കയുടെ തെക്കന്‍ പ്രദേശങ്ങള്‍ എന്നിവയാണ് റോക്കറ്റിന്റെ സഞ്ചാരപഥത്തിലുള്ള പ്രദേശങ്ങള്‍. അതേസമയം, ചൈനയുടെ ഭൂരിഭാഗം പ്രദേശങ്ങളും യൂറോപ്പിലും ഭീഷണിയില്ല.

റോക്കറ്റിന്റെ ബോഡി ഇപ്പോഴും സഞ്ചാരപദത്തിലാണ്. അത് തീര്‍ച്ചയായും ഭൂമിയില്‍ പതിക്കും. ജനവാസ മേഖലയില്‍ പതിച്ചാല്‍ അപകടത്തിനുള്ള സാധ്യതയും ഉണ്ട്. റോക്കറ്റിന്റെ സഞ്ചാരപദം നിരീക്ഷിക്കുകയാണെന്ന് യുഎസ് അറിയിച്ചു. 'ഞങ്ങള്‍ വളരെ ശുഭപ്രതീക്ഷയിലാണ്. ജനവാസ മേഖലയില്‍ ആയിരിക്കില്ല റോക്കറ്റ് പതിക്കുകയെന്ന് വിശ്വസിക്കുന്നു. കടലില്‍ പതിക്കുമെന്നാണ് വിശ്വസിക്കുന്നത്,' യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു. 

ചൈനീസ് റോക്കറ്റ് മേയ് എട്ടിനു ഭൂമിയില്‍ പതിച്ചേക്കാമെന്ന് പെന്റാഗണ്‍ പറയുന്നു. എവിടെ പതിക്കുമെന്ന കാര്യത്തില്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. 21 ടണ്‍ ഭാരമുള്ള ചൈനീസ് റോക്കറ്റിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത് വന്‍ ആശങ്കയ്ക്കാണ് കാരണമാകുന്നത്. ഈ റോക്കറ്റ് എപ്പോള്‍ വേണമെങ്കിലും ഭൂമിയിലേക്ക് പതിക്കാം. എന്നാല്‍, എവിടെ പതിക്കുമെന്നോ എപ്പോള്‍ പതിക്കുമെന്നോ കൃത്യമായി അറിയില്ല. ചൈനയുടെ ലോംഗ് മാര്‍ച്ച് 5 ബി റോക്കറ്റിന്റെ നിയന്ത്രണമാണ് നഷ്ടപ്പെട്ടത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ റോക്കറ്റ് ഭൂമിയിലേക്ക് പതിക്കാമെന്നാണ് ബഹിരാകാശ വിദഗ്ധര്‍ പറയുന്നത്. ന്യൂയോര്‍ക്ക്, മാഡ്രിഡ് എന്നിവിടങ്ങളില്‍ പതിക്കാനുള്ള സാധ്യതയാണ് ബഹിരാകാശ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. അതീവ ജാഗ്രത വേണം. 
 
സമുദ്രത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള ഒരു പോസ്റ്റിലേക്കാണ് റോക്കറ്റ് വീഴേണ്ടിയിരുന്നത്. എന്നാല്‍, ഇതിന്റെ ഗതി മാറുകയായിരുന്നു. ജനവാസ മേഖലയില്‍ റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ വീഴാനുള്ള സാധ്യതയും വിദഗ്ധര്‍ തള്ളിക്കളയുന്നില്ല. റോക്കറ്റ് ഘട്ടമായി ഭൂമിയിലേക്ക് വീഴുമ്പോള്‍, അതില്‍ ഭൂരിഭാഗവും അന്തരീക്ഷത്തില്‍ കത്തിയെരിയാന്‍ സാധ്യതയുണ്ട്. മറ്റ് അവശിഷ്ടങ്ങള്‍ ജനവാസമേഖലയില്‍ മഴ പോലെ പെയ്തിറങ്ങും. എങ്കിലും, ഭൂമിയേക്കാള്‍ കൂടുതല്‍ ജലാശയങ്ങള്‍ ഉള്ളതിനാല്‍ ലോംഗ് മാര്‍ച്ച് 5 ബിയില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ എവിടെയെങ്കിലും കടലില്‍ തെറിച്ചുവീഴാനുള്ള സാധ്യതയാണ് കൂടുതല്‍ പ്രവചിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍