59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച ഇന്ത്യയുടെ നടപടിയോട് പ്രതികരിച്ച് ചൈന. ഇന്ത്യയുടെ ഈ നടപടിയില്‍ ചൈനയ്‌ക്ക് ആശങ്കയുണ്ടെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാൻ പ്രതികരിച്ചിരിക്കുന്നത്. ആപ്പുകള്‍ നിരോധിച്ച നടപടിയില്‍ ചൈനയുടെ ആദ്യ പ്രതികരണമാണിത്. സ്ഥിതിഗതികൾ പരിശോധിക്കുകയാണെന്നും ചൈനീസ് വക്‍താവ് അറിയിച്ചു.
"ചൈന സ്ഥിതിഗതികൾ പരിശോധിക്കുകയാണ്. അന്താരാഷ്ട്ര, പ്രാദേശിക നിയമചട്ടങ്ങൾ പാലിക്കാൻ ചൈനീസ് സർക്കാർ എല്ലായ്പ്പോഴും ചൈനീസ് ബിസിനസ് അധികൃതരോട് ആവശ്യപ്പെടാറുണ്ട്. ചൈനീസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിക്ഷേപകരുടെ നിയമപരമായ അവകാശങ്ങൾ ഉയർത്തിപ്പിടിക്കാൻ ഇന്ത്യൻ സർക്കാരിന് ഉത്തരവാദിത്തമുണ്ട്" - അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ചൈനയുടെ വെയ്‌ബോ ആപ്ലിക്കേഷനില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വെരിഫൈഡ് അക്കൌണ്ട് ഉണ്ടെന്നുള്ള വിവരം ചൈനയുടെ മുഖപത്രമായ ഗ്ലോബൽ ടൈംസ് ഉയർത്തിക്കാട്ടി. വെയ്ബോയിൽ മോദിക്ക് 240,000 ഫോളോവേഴ്‌സുണ്ടെന്ന് ഗ്ലോബൽ ടൈംസ് ട്വിറ്ററിലൂടെ അറിയിച്ചു - ഇത് ഇന്ത്യയിലെ നിരോധിത ആപ്ലിക്കേഷനുകളിലൊന്നാണ്.