ഒറ്റക്കുട്ടി നയം ചൈന അവസാനിപ്പിച്ചു; ഇനി രണ്ടു കുട്ടികളാകാം

വ്യാഴം, 29 ഒക്‌ടോബര്‍ 2015 (17:17 IST)
വിവാദമായ ഒറ്റക്കുട്ടിനയത്തിന് ചൈനയില്‍ അവസാനമായി. രാജ്യത്തെ എല്ലാ ദമ്പതികള്‍ക്കും രണ്ടു കുട്ടികള്‍ വരെയാകാമെന്നാണ് പുതിയ നയം. വ്യാഴാഴ്ചയാണ് ദമ്പതികള്‍ക്ക് ഒരു കുട്ടി മാത്രമേ പാടുള്ളൂവെന്ന വിവാദനയം ചൈന മാറ്റിയത്. ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ സിന്‍ഹ്വ  ആണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.
 
നാലു ദിവസത്തെ യോഗത്തിനു ശേഷം, ഭരണത്തിലിരിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഇതോടെ ദശാബ്‌ദങ്ങള്‍ പഴക്കമുള്ള നയത്തിനാണ് അവസാനമായിരിക്കുന്നത്. 1979ല്‍ ആയിരുന്നു ജനസംഖ്യ വര്‍ദ്ധനവ് നിയന്ത്രിക്കാനായി നേതാവായ ഡെങ് ഷിയാഓപിംഗിന്റെ നേതൃത്വത്തില്‍ ചൈനയില്‍ ഒരു കുട്ടി നയം കൊണ്ടുവന്നത്.
 
ഒരുകുട്ടിനയം ചൈനയില്‍ നടപ്പാക്കിയതിനു ശേഷം കഴിഞ്ഞ 35 വര്‍ഷങ്ങളിലായി 360 മുതല്‍ 400 ദശലക്ഷം കുരുന്നു ജീവനുകളെയാണ് ചൈന കൊന്നൊടുക്കിയതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കമ്മീഷനില്‍ വ്യക്തമാക്കിയിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൈനയുടെ ഒറ്റക്കുട്ടി നയത്തെ ശക്തമായി അപലപിക്കുകയും നയം അമ്പേ പരാജയമാണെന്ന് നിരീക്ഷിക്കുകയും ചെയ്തിരുന്നു.
 
ഒറ്റക്കുട്ടി നയത്തെ തുടര്‍ന്ന് മൂന്ന് ദശാബ്‌ദ കാലത്തിലേറെയായി ദശലക്ഷക്കണക്കിന് നിര്‍ബന്ധിത അബോര്‍ഷനും വന്ധ്യംകരണവുമാണ് ചൈനയില്‍ നടന്നത്. ഇതിനെ തുടര്‍ന്ന് രാജ്യത്തെ ജനസംഖ്യയില്‍ യുവശക്തിയിലുണ്ടായ ഇടിവാണ് ഭരണകൂടത്തെ മാറി ചിന്തിക്കുവാന്‍ പ്രേരിപ്പിച്ചത്.
 
ചൈനയില്‍ ഒറ്റക്കുട്ടി നയം നടപ്പിലാക്കിയതോടെ സ്ത്രീ പുരുഷ അനുപാതത്തില്‍ വന്‍ അന്തരമാണ് ഉണ്ടായത്. രാജ്യത്ത് ലക്ഷക്കണക്കിന് ആളുകള്‍ പങ്കാളികളെ കിട്ടാതെ വിഷമിക്കുമ്പോള്‍ വിഷയത്തിന് പരിഹാരവുമായി ഒരു സാമ്പത്തിക വിദഗ്ദന്‍ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ചൈന ഷെയിംഗ്‌ സർവകലാശാലയിലെ ഫിനാൻസ്‌ ആൻഡ്‌ എക്കണോമിക്‌ പ്രൊഫസർ ഷീ സുവോഷിയാണ്‌ നിര്‍ദ്ദേശവുമായി എത്തിയത്.
 
സ്ത്രീകളുടെ എണ്ണം കുറവായതിനാല്‍ ഒരു സ്ത്രീയെ രണ്ടു പുരുഷന്മാര്‍ വിവാഹം കഴിക്കുക എന്നായിരുന്നു ചൈനയിലെ ചെറുപ്പക്കാർക്ക്‌ മുന്നിൽ ഇദ്ദേഹം വെച്ച നിർദേശം. 2020 ൽ എത്തുന്പോൾ ചൈനയിൽ അവിവാഹിതരായ 30 മില്യൻ പുരുഷന്മാർ ഉണ്ടാകുമെന്നാണ്‌ നിലവിലെ കണക്കുകൾ വ്യക്‌തമാക്കുന്നത്‌. ഇത് വന്‍ സാമൂഹ്യവിപത്താകുമെന്ന തിരിച്ചറിവാണ് ഒറ്റക്കുട്ടി നയത്തില്‍ നിന്ന് മാറി ചിന്തിക്കാന്‍ ചൈനീസ് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക