ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകുമെന്ന് ബിബിസി; ഹിതപരിശോധനയില്‍ ‘പിന്മാറണം’ പക്ഷക്കാര്‍ വിജയിക്കുമെന്നും ബിബിസി

വെള്ളി, 24 ജൂണ്‍ 2016 (09:43 IST)
യൂറോപ്യന്‍ യൂണിയന്റെ ഭാഗമായി ബ്രിട്ടണ്‍ തുടര്‍ന്നേക്കില്ലെന്ന് ബി ബി സി റിപ്പോര്‍ട്ട്. ഹിതപരിശോധനയില്‍ ‘ബ്രെക്‌സിറ്റി’ന് കൂടുതല്‍ പിന്തുണ ലഭിക്കുമെന്നാണ് ബി ബി സി പ്രവചിക്കുന്നത്. 
382ല്‍ 338 ഇടത്തെ ഫലം പുറത്തു വന്നപ്പോള്‍ ആണ് ബി ബി സി പ്രവചനം നടത്തിയത്.
 
അതേസമയം, വിപണിയില്‍ വന്‍ ഇടിവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. പൌണ്ടിന്റെ മൂല്യത്തില്‍ കഴിഞ്ഞ 31 വര്‍ഷത്തിനിടെയുള്ള ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടണ്‍ പുറത്തു പോകേണ്ടി വരുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണിത്. 
 
‘ബ്രിട്ടീഷ് എക്സിറ്റ്’ എന്നതിന്റെ ചുരുക്കമാണ് ബ്രെക്സിറ്റ്. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പുറത്തുപോക്ക് എന്നര്‍ത്ഥം. യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്നത് സംബന്ധിച്ചാണ് ഇന്നലെ ഹിതപരിശോധന നടന്നത്.

വെബ്ദുനിയ വായിക്കുക