കൊവിഡ് പ്രതിരോധത്തിനെ പറ്റി തർക്കം, ആരോഗ്യമന്ത്രിയെ പുറത്താക്കി ബ്രസീൽ പ്രസിഡന്റ് ബോൽസൊനാരോ

വെള്ളി, 17 ഏപ്രില്‍ 2020 (12:41 IST)
കൊറോണ പ്രതിരോധപ്രവർത്തനത്തെ പറ്റിയുള്ള തർക്കത്തെ തുടർന്ന് ആരോഗ്യമന്ത്രിയെ പുറത്താക്കി ബ്രസീൽ പ്രസിഡന്റ് ജൈര്‍ ബോല്‍സൊനാരോ. ആരോഗ്യമന്ത്രിയായ ലൂയിസ് ഹെന്റിക് മന്‍ഡെറ്റയെയാണ് ബോല്‍സനാരോ പുറത്താക്കിയത്.കോവിഡ് പ്രതിരോധത്തിനായി സ്വീകരിച്ച നടപടികളുടെ പേരില്‍ ഡോക്‌ടർ കൂടിയായ മൻഡെറ്റ‌യ്ക്ക് വൻ പിന്തുണയാണുള്ളത്.
 
നേരത്തെ രോഗവ്യാപനം തടയുന്നതിനായി സംസ്ഥാന ഗവര്‍ണമാര്‍ മുഖേന അദ്ദേഹം നടപ്പാക്കിയ കര്‍ശന ഐസൊലേഷന്‍ നടപടികള്‍ ഏറെ അംഗീകരിക്കപ്പെട്ടിരുന്നു.കൊറോണ വൈറസ് ചെറുക്കുന്നതിന് ലോക്ക്ഡൗൺ പോലുള്ള നടപടികളിലേക്ക് രാജ്യം പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.എന്നാൽ കോവിഡ് 19നെ ഒരു 'ലിറ്റില്‍ ഫ്ളൂ' (ചെറിയ പനി) എന്നാണ് ബോല്‍സൊനാരോ വിശേഷിപ്പിച്ചത്. അടച്ചിടല്‍ പ്രഖ്യാപിക്കുന്നത് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്നും ബൊൽസൊനാരോ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മൻഡെറ്റയെ ഇപ്പോൾ ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കിയിരിക്കുന്നത്.
 
മന്‍ഡെറ്റയുമായുള്ള അസ്വാരസ്യം മുന്‍പ് പലതവണ ബോല്‍സൊനാരോ പ്രകടിപ്പിച്ചിരുന്നു.മന്‍ഡെറ്റയ്ക്ക് കിട്ടുന്ന ജനപ്രീതിയില്‍ ബോല്‍സൊനാരോ അസ്വസ്ഥനായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍