കരുണയില്ലാതെ ബോക്കോ ഹറാം; കൊച്ചു കുട്ടിയെ മനുഷ്യ ബോംബാക്കി!

വ്യാഴം, 31 ജൂലൈ 2014 (13:25 IST)
ആഫ്രിക്കന്‍ താലിബാനെന്നു കുപ്രസിദ്ധിയാര്‍ജിച്ച ബോക്കോ ഹറാം തീവ്രവാദികള്‍ ആക്രമണത്തിന് പുതുവഴികള്‍ തേടുന്നു. സ്കൂള്‍ കുട്ടികളെ മനുഷ്യ ബോംബാക്കുകയാണ് ഇപ്പോള്‍ ബോക്കോ ഹറാം ചെയ്യുന്നത്. കൊച്ചു കുട്ടികളെ മനുഷ്യ ബോംബാക്കുമെന്ന സംശയം നൈജീരിയന്‍ ഏജന്‍സികള്‍ പ്രകടിപ്പിച്ചതിന്റെ തൊട്ടു പിന്നാലെ പത്തുവയസ്സുകാരിയുടെ ദേഹത്ത് സ്ഫോടകവസ്തു കെട്ടിവച്ച് യാത്ര ചെയ്ത രണ്ട് ബൊക്കോ ഹറാം ഭീകരരെ നൈജീരിയന്‍ സേന അറസ്റ്റ് ചെയ്തു.

വടക്കന്‍ കറ്റ്സിന സംസ്ഥാനത്ത് കാറില്‍ യാത്ര ചെയ്യവെയാണ് ഇവരെ പിടികൂടിയതെന്ന് സര്‍ക്കാര്‍ വക്താവ് മൈക് ഒമെറി അറിയിച്ചു. പത്തുവയസ്സുകാരിയായ ഹദീസയുടെ ദേഹത്താണ് സ്ഫോടകവസ്തു കെട്ടിവച്ചിരുന്നത്. ഭീകരരായ ഇല്യ, സൈനബ് എന്നിവരെയാണ് പിടികൂടിയത്.

അതേസമയം, വടക്കന്‍ നൈജിരിയയുടെ പ്രധാനപ്പെട്ട നഗരമായ കാനോയിലെ സ്കൂളിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. അഡ്മിഷന്‍ ലിസ്റ്റില്‍ പേരുണ്ടോ എന്നറിയാന്‍ തിക്കിത്തിരക്കിയ വിദ്യാര്‍ഥികളുടെ ഇടയിലാണ് വനിതാ ചാവേര്‍ സ്വയം പൊട്ടിത്തെറിച്ചത്.

2009 മുതല്‍ നൈജീരിയയില്‍ ആഭ്യന്തര കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന സംഘടനയാണ് ബൊക്കോ ഹറാം. കഴിഞ്ഞ ഞായറിനു ശേഷം കാനോയിലുണ്ടാകുന്ന അഞ്ചാം സ്ഫോടനമാണിത്.  മാ‍സങ്ങള്‍ക്ക് മുമ്പ് 250 പെണ്‍കുട്ടീകളെ സ്കൂളില്‍ നിന്ന് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയിരുന്നു. ഇവരെ ഇതുവരെ രക്ഷിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

വെബ്ദുനിയ വായിക്കുക