ഇന്ത്യ വികസിച്ചാല്‍ അയല്‍ രാജ്യങ്ങളും മെച്ചപ്പെടും: നരേന്ദ്ര മോഡി

Webdunia
തിങ്കള്‍, 16 ജൂണ്‍ 2014 (10:53 IST)
ഇന്ത്യ വികസിച്ചാല്‍ അയല്‍ രാജ്യങ്ങളും വികസിക്കുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി. സുശക്തമായ ഇന്ത്യയ്ക്ക് അയൽരാജ്യങ്ങളെ സഹായിക്കാനാവുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂട്ടാനിലെത്തിയ മോഡി ഭൂട്ടാന്‍ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു. പ്രധാനമന്ത്രിയായ ശേഷമുള്ള മോഡിയുടെ ആദ്യ വിദേശ സന്ദർശനമായിരുന്നു ഭൂട്ടാന്‍ യാത്ര.

സർക്കാരുകൾ മാറി എന്നതു കൊണ്ട് ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ബന്ധത്തിന് മാറ്റം വരില്ല. സാസ്കാരിക പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇരു രാജ്യങ്ങളുടെയും ബന്ധം നിലനില്‍ക്കുന്നത്. രാജഭരണത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് സുഗമമായി ഭൂട്ടാൻ മാറിയത് ആ രാജ്യത്തെ ഭരണത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും മോഡി പറഞ്ഞു.

ഇന്ത്യയെ സേവിക്കാനുള്ള അവസരമാണ് ജനങ്ങൾ ബിജെപിക്ക് നൽകിയത്. മികച്ച ഭരണം കാഴ്ചവയ്ക്കണമെന്ന ഒരു മുന്നറിയിപ്പ് കൂടിയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.