അവസാന ഇന്ത്യൻ മാധ്യമപ്രവർത്തകനും രാജ്യം വിടണം, അന്ത്യശാസനം നൽകി ചൈന

തിങ്കള്‍, 12 ജൂണ്‍ 2023 (16:10 IST)
രാജ്യത്ത് അവശേഷിക്കുന്ന അവസാന ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനോടും രാജ്യം വിട്ട് പോകാന്‍ ആവശ്യപ്പെട്ട് ചൈന. വിവിധ വിഷയങ്ങളില്‍ ഇന്ത്യയുമായി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ മാസം തന്നെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ ചൈന വിടണമെന്നാണ് ചൈന അന്ത്യശാസനം നല്‍കിയിരിക്കുന്നത്. പിടിഐ റിപ്പോര്‍ട്ടറോടാണ് ചൈന രാജ്യം വിടാന്‍ ആവശ്യപ്പെട്ടത്.
 
ഈ വര്‍ഷമാദ്യം ചൈനയിലുള്ള ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം വെറും നാലായി ചുരുങ്ങിയിരുന്നു. ദ ഹിന്ദുസ്ഥാന്‍ ടൈംസ്, പ്രസാര്‍ ഭാരതി, ദി ഹിന്ദു എന്നിവയിലെ മാധ്യമപ്രവര്‍ത്തകരുടെ വിസ പുതുക്കാന്‍ ഏപ്രിലില്‍ ചൈന തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് അവശേഷിക്കുന്ന അവസാന മാധ്യമപ്രവര്‍ത്തകനോടും രാജ്യം വിട്ടുപോകാന്‍ ചൈന ശാസനം നല്‍കിയിരിക്കുന്നത്. അതേസമയം മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കുന്നതിനെ പറ്റി ചൈനയുടെ വിദേശകാര്യമന്ത്രാലയം വിശദീകരണം ഒന്നും തന്നെ നല്‍കിയിട്ടില്ല.
 
അതേസമയം നേരത്തെ സിന്‍ഹുവ ന്യൂസ് ഏജന്‍സി,ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ എന്നിവയിലെ 2 ജേണലിസ്റ്റുകളുടെ വിസ പുതുക്കല്‍ അപേക്ഷ ഇന്ത്യയും തള്ളിയിരുന്നു. ഇതിന്റെ പ്രതികാരാത്മക നടപടിയാണ് ചൈനയുടേതെന്ന് വിലയിരുത്തുന്നവരും ഉണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍