ബംഗ്ലാദേശില്‍ പ്രതിപക്ഷനേതാക്കളെ തൂക്കിലേറ്റി

ഞായര്‍, 22 നവം‌ബര്‍ 2015 (10:39 IST)
ബംഗ്ലാദേശില്‍ രണ്ട് പ്രതിപക്ഷനേതാക്കളെ തൂക്കിലേറ്റി. 1971ലെ വിമോചന യുദ്ധ കാലഘട്ടത്തിൽ കുറ്റാരോപിതരായവരാണ് ഇവര്‍. ജമാ അത്തെ ഇസ്​ലാമി ജനറൽ സെക്രട്ടറി അലി അഹ്സൻ മുഹമ്മദ് മുജാഹിദ്(67), ബംഗ്ലാദേശ് നാഷണലിസ്​റ്റ് പാർട്ടി നേതാവ് സലാഹുദ്ദീൻ ഖാദർ ചൗധരി(66) എന്നിവരെയാണ് തൂക്കിലേറ്റിയത്.
 
ധാക്ക സെന്‍ട്രല്‍ ജയിലില്‍ ആയിരുന്നു വധശിക്ഷ നടപ്പാക്കിയത്. ഇരുവരുടെയും ദയാഹര്‍ജി പ്രസിഡൻറ് തള്ളിയിരുന്നു. 1971ല്‍ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് നടത്തിയ യുദ്ധ സമയത്ത് കലാപം നടത്തിയെന്നാണ് ഇരു നേതാക്കൾക്കും എതിരെയുള്ള കേസ്.  ബംഗ്ലാദേശ് സുപ്രീംകോടതി വധശിക്ഷ ബുധനാഴ്ച ശരി വെച്ചിരുന്നു.
 
വധശിക്ഷയോട് അനുബന്ധിച്ച് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ അതീവ സുരക്ഷ ഏർപ്പെടുത്തി. 2013ൽ രാജ്യാന്തര കുറ്റകൃത്യ ട്രൈബ്യൂണലാണ് വധശിക്ഷ വിധിച്ചത്. യുദ്ധക്കാലത്തെ കുറ്റം ചുമത്തി പ്രതിപക്ഷനേതാക്കളെ തൂക്കിലേറ്റുന്നതിന് എതിരെ അന്താരാഷ്‌ട്ര തലത്തില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

വെബ്ദുനിയ വായിക്കുക