ബാഗ്ദാദില്‍ ചാവേറാക്രമണം: 69 മരണം; നൂറിലേറെ പേര്‍ക്ക് പരുക്ക്

ബുധന്‍, 18 മെയ് 2016 (10:44 IST)
ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ ഉണ്ടായ ചാവേര്‍ ബോംബ് ആക്രമണങ്ങളില്‍ 69 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഷിയാ മുസ്ലിങ്ങള്‍ ഏറെയുള്ള വടക്കന്‍ ഇറാഖിലെ അല്‍ ഷാബ് ജില്ലയില്‍ നടന്ന സ്‌ഫോടനത്തില്‍ 38 പേര്‍ കൊല്ലപ്പെടുകയും എഴുപതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൂന്ന് മാര്‍ക്കറ്റുകളിലും ഒരു റെസ്റ്റോറന്റിലുമാണ് സ്‌ഫോടനങ്ങള്‍ നടന്നത്. ഇതില്‍ അല്‍ ഷാബിലെ ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്തം ഐ എസ് ഏറ്റെടുത്തു.
 
ആള്‍ത്തിരക്കുള്ള മാര്‍ക്കറ്റില്‍ നടന്ന സ്‌ഫോടനത്തില്‍ ഇരുപത്തിയൊന്നു പേര്‍ കൊല്ലപ്പെട്ടപ്പോള്‍ പതിനേഴോളം പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവിടെ ഒരു റെസ്റ്റോറന്റില്‍ നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. കിഴക്കന്‍ ഇറാഖിലെ സദര്‍ സിറ്റിയില്‍ കാര്‍ ബോംബാക്രമണമാണ് നടന്നത്.  ഇതില്‍ ആറ് പേരാണ് കൊല്ലപ്പെട്ടത്. അബു ഖത്താബ് അല്‍ ഇറാഖി എന്നയാളാണ് ചാവേറാക്രമണം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്.
 
ഇറാഖില്‍ രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ചാവേറാക്രമണങ്ങള്‍ നടക്കുന്നത്. ഭരണ പ്രതിസന്ധി തീവ്രവാദികള്‍ക്കെതിരായ പോരാട്ടം നിശ്ചലമാക്കിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി അഭിപ്രായപ്പെട്ടു. അഴിമതി രഹിത മന്ത്രിസഭയ്ക്കായുള്ള പുനസംഘടനാ തീരുമാനം പാര്‍ലമെന്റ് എതിര്‍ക്കുന്നതാണ് പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുന്നത്.  
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക