നാല് മാസമായി തുടരുന്ന കാട്ടുതീ, ഓസ്ട്രേലിയയിൽ 50 കോടി ജീവജാലങ്ങൾ വെന്തുരുകിയതായി റിപ്പോർട്ട്

അഭിറാം മനോഹർ

വെള്ളി, 3 ജനുവരി 2020 (13:35 IST)
ഓസ്ട്രേലിയയിലെ വന്യമൃഗസമ്പത്തിനെ ഇല്ലാതാക്കി കൊണ്ട് കാട്ടുതീ വ്യാപിക്കുന്നു. സെപ്റ്റംബർ മാസത്തിൽ ഓസ്ട്രേലിയൻ വനാന്തരങ്ങളിൽ വ്യാപിച്ച കാട്ടുതീ ശമിപ്പിക്കാൻ ഇതുവരെയും അധികൃതർക്ക് ആയിട്ടില്ല. കാട്ടുതീയിൽ ഇതുവരെയായി ഏകദേശം 50 കോടി ജീവജാലങ്ങളെങ്കിലും ചത്തൊടുങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നത്. രാജ്യത്തിന്റെ വന്യമൃഗസമ്പത്തിന്റെ വലിയൊരു ഭാഗം വരുമിത്.
 
ഓസ്ട്രേലിയയുടെ കിഴക്കൻ തീരപ്രദേശങ്ങളിൽ മാത്രം ഇതുവരെയും 8000 കോലകൾ കാട്ടുതീയിൽ ചത്തൊടുങ്ങിയിട്ടുണ്ട്. സ്വതവേ വേഗം കുറഞ്ഞ ജീവികളായതിനാൽ കോലാകളെയാണ് കാട്ടുതീ സാരമായി ബാധിച്ചിട്ടുള്ളത്. ന്യൂ സൗത്ത് വേയ്‌ൽസിലെ 30 ശതമാനത്തോളം ജീവികൾ ഇല്ലാതായെന്ന് ഓസീസ് പരിസ്ഥിതി വകുപ്പ് മന്ത്രി അറിയിച്ചു. മരങ്ങളും ചെറുജീവികളും അടക്കം ജീവവ്യവസ്ഥയുടെ നഷ്ടം ഇതിലും വലുതാകുമെന്നാണ് പരിസ്ഥിതി സ്നേഹികൾ കരുതുന്നത്.
 
മൃഗങ്ങളുടെ നാശനഷ്ടവുമായി ബന്ധപ്പെട്ടുള്ള ഏകദേശചിത്രം മാത്രമാണ് ഇതുവരെയും പുറത്തുവന്നിട്ടുള്ളത്. കാട്ടു തീ അണച്ചെങ്കിൽ മാത്രമെ യഥാർത്ഥ ചിത്രം വ്യക്തമാവുകയുള്ളു. പക്ഷേ നിലവിലെ സാഹചര്യങ്ങൾ വെച്ച് കാട്ടുതീ നിയന്ത്രണവിധേയമാക്കുക എളുപ്പമല്ല. കാട്ടുതീയിൽ നിന്നും മൃഗങ്ങളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുന്നുണ്ടെങ്കിലും അവ ഫലപ്രാപ്തിയിൽ എത്തുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
 
വന്യമൃഗങ്ങളെ കൂടാതെ മനുഷ്യരേയും കാട്ടുതീ സാരമായി ബാധിച്ചിട്ടുണ്ട്. 1200 വീടുകളാണ് ഇതുവരെയും കാട്ടുതീയിൽ ചാമ്പലായത്. പുകയും ചാരവും മൂലം പല ജനവാസകേന്ദ്രങ്ങളും വാസയോഗ്യമല്ലാതായി. കാട്ടുതീ പകരാൻ സാധ്യതയുള്ള ഇടങ്ങളിൽ നിന്നും ജനങ്ങളെ പോലീസ് മാറ്റി പാർപ്പിച്ചിട്ടുണ്ട്. ഇതുവരെ 17 പേരാണ് ഓസ്ട്രേലിയയെ വിഴുങ്ങിയ കാട്ടുതീയിൽ മരണപ്പെട്ടത്. നിരവധി പേരെ കാണാതായിട്ടുമുണ്ട്. മരണസംഖ്യ ഇനിയും ഉയരാമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍