അമേരിക്കയും ക്യൂബയും കൂടുതല്‍ അടുക്കുന്നു; തീവ്രവാദത്തെ അനുകൂലിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ക്യൂബയെ ഒഴിവാക്കും

വെള്ളി, 10 ഏപ്രില്‍ 2015 (12:45 IST)
തീവ്രവാദികള്‍ക്ക് സഹായം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും ക്യൂബയെ ഒഴിവാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. ജമൈക്കന്‍ പര്യടനത്തിനിടെയായിരുന്നു ഇതുസംബന്ധിച്ച് ഒബാമയുടെ പ്രഖ്യാപനം. ഇതോടെ വര്‍ഷങ്ങളായി ശത്രുത പുലര്‍ത്തിയിരുന്ന രണ്ടു രാജ്യങ്ങള്‍ക്കിടയിലുള്ള പ്രശ്‌നങ്ങളില്‍ മഞ്ഞുരുകാന്‍ സാധ്യതയേറി. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമായി ഹവാനയില്‍ നടക്കാനിരിക്കുന്ന ഉച്ചകോടിക്ക് മുന്നോടിയായാണ് ഒബാമയുടെ പ്രഖ്യാപനം എന്നത് ക്യൂബയെ സംബന്ധിച്ച് വലിയ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.

ഒബാമയുടെ പ്രഖ്യാപനത്തോടെ 54 വര്‍ഷമായി തുടരുന്ന അമേരിക്ക ക്യൂബ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നാണ് ലോകരാജ്യങ്ങള്‍ പ്രതീക്ഷിക്കുന്നത്. അവര്‍ പ്രതീക്ഷയ്ക്കൊത്ത് മാറികൊണ്ടിരിക്കുകയാണ്, ഇനിയും സമയമെടുക്കുമെങ്കിലും ക്യൂബയുടെ നിലപാടില്‍ പൂര്‍ണമായ മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന്
ക്യൂബയെ ഒഴിവാക്കാനുള്ള നടപടികളെല്ലാം പൂര്‍ത്തിയായതായി ഒബാമ അറിയിച്ചു.

അമേരിക്കയും ക്യൂബയും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടായാല്‍. ഇരുരാജ്യങ്ങളിലും എംബസികള്‍ തുറക്കാനും സാധ്യതയുണ്ട്. ലാറ്റിനമേരിക്കന്‍ ഉച്ചകോടിക്കായി കിങ്സറ്റണില്‍ നിന്ന് ഹവാനയിലേയ്ക്കാണ് ഒബാമ നേരെ യാത്രതിരിക്കുന്നത്.  ക്യൂബന്‍ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗ്യൂസുമായി സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് തീരുമാനം. അര നൂറ്റാണ്ടിനുശേഷമാണ് ഉന്നതല യു.എസ് ക്യൂബ ചര്‍ച്ചകള്‍ നടക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക