അദാനിയും റിലയന്‍സും ബംഗ്ലാദേശില്‍ വൈദ്യുതി നിലയങ്ങൾ സ്ഥാപിക്കും
ശനി, 6 ജൂണ്‍ 2015 (16:25 IST)
ഊർജ്ജ പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ബംഗ്ളാദേശിൽ ഇന്ത്യയിലെ പ്രമുഖ കുത്തക കമ്പനികളായ അദാനി പവർ ലിമിറ്റഡ് ഇന്ത്യ, റിലയൻസ് പവർ ലിമിറ്റഡ് എന്നീ കന്പനികൾ വിവിധ വൈദ്യുതി നിലയങ്ങൾ സ്ഥാപിക്കും. 4600 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ളാന്റുകളാണ് ഇരുകന്പനികളും ചേർന്ന് സ്ഥാപിക്കുക. വൈദ്യുത നിലയങ്ങളുടെ നിർമാണത്തിന് ഇരു കന്പനികളും ബംഗ്ളാദേശ് ഊർജ്ജ വികസന ബോർഡുമായി വെവ്വേറെ ധാരണാപത്രം ഒപ്പുവച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ബംഗ്ളാദേശിലെ സന്ദർശനത്തിന്റെ ഭാഗമായാണ് ഇത് സംബന്ധിച്ച ധാരണയിൽ എത്തിയത്. പ്രകൃതി വാതകം ഉപയോഗിച്ച് 3000 മെഗാവാട്ട് വൈദ്യുതി ഉൽപാദനത്തിനുള്ള നാല് പ്ലാന്റാണ് റിലയന്‍സ് സ്ഥാപിക്കുക. കൽക്കരി ഉപയോഗിച്ച് 1600 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാവുന്ന രണ്ട് പ്ളാന്റുകളാണ് അദാനി സ്ഥാപിക്കുക. പ്ലാന്റുകള്‍ക്കായി റിലയൻസ് മൂന്ന് ബില്യൺ ഡോളറും, അദാനി 1.5 ബില്യൺ ഡോളറും ബംഗ്ലാദേശില്‍ നിക്ഷേപിക്കും.
15 കോടി ജനസംഖ്യയുള്ള ബംഗ്ളാദേശിൽ മൂന്നിലൊന്ന് ഭാഗവും വൈദ്യുതി ഇല്ലാത്തവരാണ്. 7000 മെഗാവാട്ട് വൈദ്യുതയാണ് ബംഗ്ളാദേശ് ഉൽപാദിപ്പിക്കുന്നത്. എന്നാൽ, ഉപഭോഗം ഇതിലും ഏറെയാണ്. പ്രതിദിനം 1500 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ബംഗ്ലാദേശിലുള്ളത്. 2013 മുതൽ ഇന്ത്യയി ൽ നിന്ന് ബംഗ്ളാദേശ് വൈദ്യുതി വാങ്ങുന്നുണ്ട്. ബംഗാളിലെ ബഹറംപൂരിൽ നിന്ന് 400 കിലോവോൾട്ട് വൈദ്യുതി എത്തിക്കുന്ന ലൈനുകളും ഉണ്ട്.