‘26/11: ഭീകരരെ സഹായിച്ചത് 40 ഇന്ത്യക്കാര്‍’

തിങ്കള്‍, 2 ജൂലൈ 2012 (15:43 IST)
PTI
PTI
മുംബൈ ഭീകരാക്രമണത്തില്‍ 40 ഇന്ത്യക്കാര്‍ക്ക് പങ്കുണ്ടെന്ന ആരോപണവുമായി പാകിസ്ഥാന്‍ രംഗത്ത്. ആക്രമണം നടത്തിയ ഭീകരരെ 40 ഇന്ത്യക്കാര്‍ സഹായിച്ചു എന്നാണ് പാകിസ്ഥാന്റെ ആരോപണം. ആക്രമണത്തിന്റെ സൂത്രധാരന്‍ അബു ജുന്റാല്‍ പാകിസ്ഥാനെതിരെ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ വിവാദപ്രസ്താവന വന്നിരിക്കുന്നത്.

ഇന്ത്യയില്‍ നിന്ന് സഹായമില്ലാതെ മുംബൈയില്‍ ആക്രമണം നടത്താനാവില്ലെന്ന്‌ തന്നെയാണ് പാകിസ്ഥാന്‍ വിശ്വസിക്കുന്നത്. ഇക്കാര്യത്തില്‍ ഇന്ത്യ വ്യക്‌തത വരുത്തണം. അബു ജുന്‍ഡാലിന്റെ അറസ്‌റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്ഥാനുമായി പങ്കുവയ്‌ക്കണമെന്നും പാക്‌ വിദേശകാര്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്‌ഥനെ ഉദ്ധരിച്ച് 'ദ എക്‌സ്പ്രസ്‌ ട്രിബ്യൂണ്‍‘ റിപ്പോര്‍ട്ട് ചെയ്യുന്നു.

തെളിവെടുപ്പിനായി പാക് ജുഡീഷ്യന്‍ സംഘം ഇന്ത്യയില്‍ എത്തിയപ്പോള്‍ ദൃക്‌സാക്ഷികളില്‍ നിന്ന്‌ മൊഴി ശേഖരിക്കുന്നത് വിലക്കുകയായിരുന്നു എന്നും ഉദ്യോഗസ്ഥന്‍ ആരോപിക്കുന്നു.

ഭീകരാക്രമണത്തില്‍ പാകിസ്ഥാനുള്ള പങ്ക് അബു ജുന്റാലിന്റെ മൊഴിയിലൂടെ വ്യക്തമായതായി ആഭ്യന്തരമന്ത്രി പി ചിദംബരം വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക