സൗദിയില്‍ നിര്‍ബന്ധിത വനിതാവത്കരണം; സ്വദേശി വനിതകള്‍ക്ക് ജോലിക്ക് മുന്‍ഗണന
വ്യാഴം, 21 നവംബര്‍ 2013 (10:08 IST)
PRO
PRO
സൗദി അറേബ്യയില്‍ നിര്‍ബന്ധിത വനിതാവത്കരണം. ഇനി മുതല്‍ സ്വദേശി വനിതകള്‍ക്ക് ജോലിക്ക് മുന്‍ഗണന നല്‍കും. സ്വദേശി വനിതകള്‍ക്ക് അനുയോജ്യമായ മുഴുവന്‍ തൊഴിലുകളും അവര്‍ക്കുതന്നെ നല്‍കാന്‍ നടപടി തുടങ്ങി. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത് പൂര്‍ത്തീകരിക്കും. ലേഡീസ് ഉത്പന്നങ്ങള്‍ വില്‍ക്കുന്ന മുഴുവന്‍ കടകളിലും നിര്‍ബന്ധിത വനിതാവത്കരണം നടപ്പാക്കും. തൊഴിലെടുക്കാന്‍ കഴിയുന്ന വികലാംഗരായ സൗദി വനിതകളില്‍ ഒരാള്‍ക്ക് ജോലിനല്കുന്നത് നാല് സൗദികള്‍ക്ക് ജോലിനല്‍കുന്നതിന് തുല്യമായി നിതാഖാതില്‍ കണക്കാക്കും.
വികലാംഗരായ സൗദി വനിതകളുടെ ശമ്പളം മൂവായിരം റിയാലില്‍ കുറയാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ നിലവില്‍ ലേഡീസ് ഷോപ്പുകളുടെ പരിധിയില്‍ വരുന്നില്ല. ജ്വല്ലറികളില്‍ വനിതകളെ ജോലിക്കുവെക്കാന്‍ ഉടമകള്‍ ആഗ്രഹിക്കുന്നപക്ഷം സ്വദേശി വനിതകളെ മാത്രമേ ജോലിക്കുവെക്കാവൂ. ഇതിന് ജ്വല്ലറികള്‍ പ്രത്യേകം സജ്ജീകരിക്കണം. പ്രവേശനം സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും മാത്രമായി പരിമിതപ്പെടുത്തണം. കുടുംബം ഒപ്പമില്ലാത്ത പുരുഷന്മാര്‍ക്ക് വനിതകള്‍ ജോലിചെയ്യുന്ന ജ്വല്ലറികളില്‍ പ്രവേശനം നല്‍കില്ല.
നിര്‍ബന്ധിത വനിതാവത്കരണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തേണ്ട ലേഡീസ് ഉത്പന്നങ്ങള്‍ ഏതൊക്കെയാണെന്ന് നിശ്ചയിക്കുന്നതിനെക്കുറിച്ച് തൊഴില്‍ മന്ത്രാലയം പഠിച്ചുവരികയാണെന്ന് അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ഡോ. ഫഹദ് അല്‍തഫീഖി പറഞ്ഞു. സ്വകാര്യമേഖലയില്‍ സൗദി ജീവനക്കാരുടെ കുറഞ്ഞ ശമ്പളത്തിന് ഉടന്‍ പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. വനിതാവത്കരണം നടപ്പാക്കാത്തവര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികള്‍ ഉണ്ടാകുമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.