സയീദിന്‍റെ മോചനം: കേസ് ഇന്ന് പരിഗണിക്കും

മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി ജമാ‍ാത്ത് - ഉദ് - ദാവ തലവന്‍ ഹാഫിസ് മുഹമ്മദ് സയീദിന്‍റെ വീട്ടുതടങ്കല്‍ റദ്ദാക്കിയ നടപടിക്കെതിരെ പാക്, പഞ്ചാബ് സര്‍ക്കാരുകള്‍ നല്‍കിയ ഹര്‍ജി പാകിസ്ഥാന്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

സയീദിന്‍റേയും അദ്ദേഹത്തിന്‍റെ കൂട്ടാളി റിട്ടയേര്‍ഡ് കേണല്‍ നാസിര്‍ അഹമ്മദിന്‍റേയും വീട്ടുതടങ്കല്‍ റദ്ദാക്കിയ ലാഹോര്‍ ഹൈക്കോടതിയുടെ നടപടി ചോദ്യം ചെയ്ത് സമപ്പിച്ച ഹര്‍ജിയിലാണ് ഇന്ന് വാദം കേള്‍ക്കുന്നത്.

സയീദിന്‍റെ മോചനം ചോദ്യം ചെയ്ത് പാകിസ്ഥാന്‍ സര്‍ക്കാരും പഞ്ചാബ് സംസ്ഥാന സര്‍ക്കാരും വെവ്വേറെയാണ് അപ്പീല്‍ നല്‍കിയത്. ആദ്യം നല്‍കിയ ഹര്‍ജി നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ച് സുപ്രീം കോടതി തള്ളിയതിനെ തുടര്‍ന്ന് ഇരു സര്‍ക്കാരുകളും വീണ്ടും ഹര്‍ജി നല്‍കുകയായിരുന്നു. പാക് സര്‍ക്കാരിന് വേണ്ടി ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ഷാ ഖവാര്‍, പഞ്ചാബ് സര്‍ക്കാരിന് വേണ്ടി അഭിഭാഷകനായ ജനറല്‍ റാസ ഫാറൂഖ് എന്നിവരാണ് ഹര്‍ജി നല്‍കിയത്.

സയീദിനെ വീട്ടു തടങ്കലില്‍ നിന്ന് മോചിപ്പിക്കാന്‍ കഴിഞ്ഞ മാസം രണ്ടിനാണ് സയീദിനെ വിട്ടയക്കാന്‍ ഉത്തരവിട്ടത്. സയീദിനെ തടങ്കലില്‍ പാര്‍പ്പിക്കാന്‍ ആവശ്യമായ തെളിവില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പത്തിനാണ് സയീദിനേയും കൂട്ടാളികളേയും പാക് പൊലീസ് അറസ്റ്റ് ചെയ്തത്.

വെബ്ദുനിയ വായിക്കുക