സമാധാനശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് എതിര്: പാക്

ബുധന്‍, 28 ഏപ്രില്‍ 2010 (20:42 IST)
PRO
ഇന്ത്യ-പാക് ബന്ധം സാധാരണ നിലയിലാക്കാന്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിന് ആഗ്രഹമുണ്ടെങ്കിലും ഭരണ കക്ഷിയായ കോണ്‍ഗ്രസ് ഇതിന് തുരങ്കം വയ്ക്കുകയാണെന്ന് പാകിസ്ഥാന്‍. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചിലഘടകങ്ങളാണ് സമാധാനശ്രമങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്നതെന്നും സാര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി പറഞ്ഞു.

തീവ്രവാദത്തിനെതിരെ അര്‍ത്ഥപൂര്‍ണമായ ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാവാത്ത ഇന്ത്യയുടെ നിലപാടിനെയും ഖുറേഷി വിമര്‍ശിച്ചു. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ക്കെതിരെയുള്ള നിയമ നടപടികള്‍ മുന്നോട്ടു പോകുകയാണെന്നും ഖുറേഷി പറഞ്ഞു. ഇന്ത്യ ആവശ്യപ്പെട്ട തെളിവുകള്‍ക്ക് ഉടന്‍ മറുപടി നല്‍കാത്തത് സമയം കളയാന്‍ വേണ്ടിയല്ലെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതിനാലാണെന്നും ഖുറേഷി പറഞ്ഞു.

ഈ മേഖലയിലെ രണ്ട് പ്രധാന രാജ്യങ്ങള്‍ തമ്മില്‍ സാധാരണ നിലയിലുളള ബന്ധം തുടരുന്നതിന് ചര്‍ച്ചകള്‍ മാത്രമാണ് ഒരേയൊരു മാര്‍ഗം. ചര്‍ച്ചകള്‍ക്ക് പാകിസ്ഥാന്‍ എന്നും സന്നദ്ധമായിരുന്നു. ഇന്ത്യയാണ് ചര്‍ച്ചകളോട് എന്നും മുഖം തിരിച്ചിട്ടുളളത്. ആഭ്യന്തര രാഷ്ട്രീയ പ്രശ്നങ്ങള്‍ കാരണമായിരിക്കാം ഇന്ത്യ ചര്‍ച്ചകള്‍ക്ക് സന്നദ്ധമാവാത്തതെന്നും ഖുറേഷി പറഞ്ഞു.

സമാധാന ശ്രമങ്ങളുമായി മുന്നോട്ടുപോകണമെന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിന് ആഗ്രഹമുണ്ട്. അദ്ദേഹത്തിനൊരു ദര്‍ശനമുണ്ട്. സാര്‍ക്ക് മേഖലയില്‍ സമാധാനം പുന:സ്ഥാപിച്ചാല്‍ ഉണ്ടാവുന്ന നേട്ടങ്ങളെക്കുറിച്ച് സാമ്പത്തിക ശാസ്ത്രജ്ഞനും അക്കാദമിക്കുമായ മന്‍‌മോഹന്‍ സിംഗിന് വ്യക്തമായ ധാരണയുണ്ട്. എന്നാല്‍ കോണ്‍ഗ്രസിനകത്തുള്ള ചില ശക്തികള്‍ അദ്ദേഹത്തിനൊപ്പമില്ല. എന്നാല്‍ ഇതാരൊക്കെയാണെന്ന് വ്യക്തമാക്കാന്‍ ഖുറേഷി തയ്യാറായില്ല.

വെബ്ദുനിയ വായിക്കുക