മോഡലുകളെ പീഡിപ്പിച്ച കേസില്‍ ലോസ് ഏഞ്ചല്‍സ് സുപ്രീം കോടതി 59 വര്‍ഷം തടവിന് വിധിച്ച ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണിന്റെ സഹോദരിക്കെതിരെ കോടതി അലക്ഷ്യ കേസ്. ആനന്ദ് ജോണ്‍ കേസിലെ വിധി പ്രസ്താവിച്ച ഒരു ജഡ്ജിയുമായി കേസിനെ കുറിച്ച് രഹസ്യ ചര്‍ച്ച ചെയ്തതാണ് കേസെടുക്കാന്‍ കാരണം.
ഇപ്പോള്‍ ഇന്ത്യയിലുള്ള സഞ്ജനയ്ക്കെതിരെ ഉടന്‍ തന്നെ നടപടികള്‍ തുടങ്ങുമെന്ന് ജഡ്ജി ഡേവിഡ് വെസ്ലി പറഞ്ഞു.
ആനന്ദ് ജോണ്‍ കുറ്റക്കാരനാണെന്ന് സെപ്തംബറില്‍ വിധി പറഞ്ഞ 12 അംഗ ജഡ്ജിമാരുടെ പാനലില്‍ അംഗമായ ഡിമല്ലിയും സഞ്ജനയും കേസിനെ കുറിച്ച് നിയമ വിരുദ്ധമായി ചര്‍ച്ച ചെയ്യുകയും ഡിമല്ലി തന്റെ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. തന്റെ നമ്പര്‍ സഞ്ജനയ്ക്ക് കൈമാറിയ ജഡ്ജി രണ്ട് തവണ സഞ്ജനയുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട്.
ഡിമല്ലിയും താനുമായുള്ള ഫോണ്‍ സംഭാഷണം സഞ്ജന റിക്കോഡ് ചെയ്തിട്ടുണ്ട്. ഡിമല്ലി തന്നെ ഒറ്റയ്ക്കുള്ള കൂടിക്കാഴ്ചയ്ക്ക് നിര്‍ബന്ധിച്ചു എന്നും അത് നിരസിച്ചതു കാരണമാണ് സഹോദരനെതിരെ വിധി വന്നതെന്നും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ ഇവര്‍ ഇരുവരും കേസിനെ കുറിച്ചുള്ള രഹസ്യ സംഭാഷണം നടത്തിയതിലൂടെ കോടതിയലക്ഷ്യം നടത്തി എന്നാണ് ഇപ്പോഴത്തെ കേസ്.