വിദേശകാര്യ സെക്രട്ടറിയാവാന്‍ ഹിലാരി വിസമ്മതിച്ചു

ശനി, 9 ജനുവരി 2010 (18:12 IST)
PRO
യു എസ് വിദേശകാര്യ സെക്രട്ടറി പദവി ഏറ്റെടുക്കാന്‍ ഹിലാരി ക്ലിന്‍റണ്‍ ആദ്യം തയ്യാറായിരുന്നില്ലെന്ന് വെളിപ്പെടുത്തല്‍. ജോണ്‍ ഹൈയ്‌ലിമന്‍, മാര്‍ക് ഹാല്‍‌പെറിന്‍സ് എന്നിവര്‍ ചേര്‍ന്നെഴുതുന്ന പുതിയ പുസ്തകമായ ‘ഗെയിം ചേഞ്ചി’ലാണ് ഈ വെളിപ്പെടുത്തലുള്ളത്.

പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടശേഷം ബറാക് ഒബാമ ഹിലാരിയെ വിദേശകാര്യ സെക്രട്ടറിയാവാണ്‍ ക്ഷണിച്ചപ്പോള്‍ ആദ്യം ഹിലാരി ഒഴിഞ്ഞു മാറി. തന്‍റെ ഭര്‍ത്താവും മുന്‍ അമേരിക്കന്‍ പ്രസിഡന്‍റുമായ ബില്‍ ക്ലിന്‍റണ്‍ നേരിട്ട രീതിയിലുള്ള വിവാദങ്ങളെ ഭയന്നാണ് ഹിലാരി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചത്. ഒബാമ രണ്ടാമത്തെ തവണ വിളിച്ചപ്പോഴാണ് ഹിലാരി ഇക്കാര്യം തുറന്നു പറഞ്ഞത്.

ഭര്‍ത്താവ് പ്രസിഡന്റായിരുന്ന കാലഘട്ടത്തില്‍ അദ്ദേഹം നേരിട്ട വിവാദങ്ങള്‍ ഹിലാരിയെ ഭയപ്പെടുത്തിയിരുന്നു. അതിനാല്‍ ഈ പദവി തന്നെ സംബന്ധിച്ചിടത്തോളം ഒരു സര്‍ക്കസായിരിക്കുമെന്ന് ഹിലാരി ഒബാമയെ ധരിപ്പിച്ചു. എന്നാല്‍ ഹിലാരിയെ തന്‍റെ ടീമില്‍ വേണമെന്ന് ഒബാമയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

സാ‍മ്പത്തികമാന്ദ്യത്തിന്‍റെ പിടിയില്‍ ഉഴലുന്ന അമേരിക്കയെ കരകയറ്റാന്‍ തനിക്ക് ഹിലാരിയുടെ സഹായം വേണമെന്ന് ഒബാമ ആവര്‍ത്തിച്ച് വ്യക്തമാക്കിയപ്പോഴാണ് അവര്‍ പദവി ഏറ്റെടുക്കാന്‍ തയ്യാറായതെന്ന് പുസ്തകം വെളിപ്പെടുത്തുന്നു. പുസ്തകം ഉടന്‍ പുറത്തിറങ്ങും.

വെബ്ദുനിയ വായിക്കുക