വനാന്തരങ്ങളില്‍ മൌഗ്ലിയെപ്പോലെ ജീവിച്ച സ്ത്രീ!

തിങ്കള്‍, 22 ഒക്‌ടോബര്‍ 2012 (17:38 IST)
PRO
PRO
ജംഗിള്‍ ബുക്കിലൂടെ റുഡ്യാഡ് കിപ്ലിംഗ് സൃഷ്ടിച്ച് മൌഗ്ലിയെ ഓര്‍മ്മയില്ലേ? മൌഗ്ലിയെപ്പോലെ ജീവിച്ചൊരാള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടെങ്കിലോ? ബ്രിട്ടന്‍‌കാരിയായ മരീന ചാപ്മാന് പറയാനുണ്ട് ഇങ്ങനെ ഒരു കഥ. കൊളം‌ബിയന്‍ വനാന്തരങ്ങളില്‍ അഞ്ച് വര്‍ഷക്കാലം കുരങ്ങുകള്‍ക്കൊപ്പം ജീവിച്ചകഥ.

കുട്ടിക്കാലത്ത് മരീനയെ ആരോ തട്ടിക്കൊണ്ടുപോകുകയായിരുന്നത്രേ. 1950-കളില്‍ ആണ് താന്‍ ജനിച്ചത് എന്നാണ് മരീന വിശ്വസിക്കുന്നത്. അഞ്ച് വയസ്സോളം പ്രായമുള്ളപ്പോള്‍ അവരെ ചിലര്‍ ചേര്‍ന്ന് ആളുമാറി തട്ടിക്കൊണ്ടുപോയതാണെന്നും കരുതുന്നു. തുടര്‍ന്നാണ് കാട്ടില്‍ ഉപേക്ഷിക്കപ്പെട്ടത്. പിന്നീടുള്ള ജീവിതം വനാന്തരങ്ങളില്‍ കുരങ്ങുകള്‍ക്കൊപ്പം. പക്ഷികളെയും മുയലുകളെയുമൊക്കെ പിടികൂടാന്‍ മരീന പഠിച്ചു. ഇടയ്ക്കെപ്പോഴോ അബദ്ധത്തില്‍ വിഷക്കായ് കഴിച്ച് അസുഖബാധിതയായതും മരീന ഓര്‍ത്തെടുക്കുന്നു.

അങ്ങനെ ജീവിച്ച് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വേട്ടക്കാര്‍ അവളെ കണ്ടെത്തുകയായിരുന്നു. എന്നാല്‍ മരീനയുടെ ദുരിതങ്ങള്‍ കൂടിയതേയുള്ളൂ. വേട്ടക്കാര്‍ അവളെ നഗരത്തില്‍ കൊണ്ടുവന്ന് ഒരു വേശ്യാലയത്തിന് വിറ്റു. അവിടുത്തെ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടോടിയ മരീന തെരുവില്‍ ജീവിച്ചു, ഇടയ്ക്ക് പൊലീസ് അവരെ അറസ്റ്റ് ചെയ്തു. ഒടുവില്‍ ഒരു കൊളം‌ബിയന്‍ കുടുംബത്തിലെ വീട്ടുജോലിക്കാരിയായി. മരീന ലുസ് എന്ന പേര് സ്വീകരിച്ചു.

25 വയസ്സിനടുത്ത് പ്രായമായപ്പോള്‍, അയല്‍‌വീട്ടുകാരോടൊപ്പം മരീന ഒരു യാത്ര പോയി. ആ വീട്ടുകാര്‍ക്കൊപ്പം ബ്രാഡ്ഫോര്‍ഡില്‍ തങ്ങിയപ്പോഴാണ് അവര്‍ ജോണ്‍ ചാപ്മാനെ പരിചയപ്പെടുന്നത്. 29-കാരനായ ആ ബാക്ടീരിയോളജിസ്റ്റിനെ മരീനയ്ക്കിഷ്ടമായി. 1977-ല്‍ അവര്‍ വിവാഹിതരായി. രണ്ട് കുട്ടികളും പിറന്നു.

ഇപ്പോള്‍ ‘ദി ഗേള്‍ വിത്ത് നോ നെയിം’ എന്ന പുസ്തകത്തിലൂടെയും ഡോക്യുമെന്ററിയിലൂടെയും തന്റെ അനുഭവകഥ ലോകത്തോട് പങ്കുവയ്ക്കാന്‍ ഒരുങ്ങുകയാണ് യോക്‍ഷെയറില്‍ കഴിയുന്ന ഈ വീട്ടമ്മ.

വെബ്ദുനിയ വായിക്കുക