ലിബിയയില്‍ കരയാക്രമണം നടത്തും

ശനി, 26 മാര്‍ച്ച് 2011 (10:07 IST)
PRO
PRO
ഏപ്രില്‍ അവസാനമോ മേയ്‌ ആദ്യവാരമോ ലിബിയയില്‍ കരയാക്രമണം ആരംഭിക്കുമെന്ന് നാറ്റോ സഖ്യം വ്യക്തമാക്കി. ഇതിനുളള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വ്യോമാക്രമണങ്ങള്‍ പ്രതീക്ഷിച്ച ഫലം കണ്ടില്ലെങ്കിലാണ് കരയാക്രമണം ആരംഭിക്കുക. ഗദ്ദാഫി സൈന്യത്തില്‍ നിന്ന് സാധാരണ ജനങ്ങളെ രക്ഷിക്കാനുള്ള നടപടികളുടെ നേതൃത്വം ഏറ്റടുക്കാനും നാറ്റോ സഖ്യം തീരുമാനിച്ചു. സൈനിക നടപടിയുടെ നേതൃത്വം വേണ്ടെന്ന് അമേരിക്ക വ്യക്തമാക്കിയതിനെത്തുടര്‍ന്നാണിത്.

സഖ്യസേനയുടെ പദ്ധതികളെ ഗദ്ദാഫിയുടെ സൈന്യം ശക്‌തമായ ചെറുത്ത് നില്‍ക്കുന്നതായാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നാണ് കരയാക്രമണം വേണ്ടിവരുമെന്ന് സഖ്യസേന വ്യക്തമാക്കിയത്.

നാറ്റോയിലെ 28 രാജ്യങ്ങളും പങ്കാളികളാകുന്ന സംയുക്‌ത സൈനിക നടപടി അടുത്ത ദിവസങ്ങളില്‍ ആരംഭിച്ചേക്കും. വ്യോമനിരോധനം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. അതിനിടെ, ഗദ്ദാഫി സേനയ്ക്കേതിരേ ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ വിമാനങ്ങള്‍ വെള്ളിയാഴ്ച ആക്രമണം തുടര്‍ന്നു.

നാറ്റോയുടെ സൈനിക നടപടിയുമായി സഹകരിക്കാന്‍ സുഡാന്‍ തീരുമാനിച്ചു. സൈനിക നടപടിയില്‍ യു എ ഇ നേരിട്ടു പങ്കെടുക്കുമെന്നു വിദേശകാര്യമന്ത്രി ഷെയ്ക്ക് അബ്ദുള്ള ബിന്‍ സയിദ് അല്‍ നഹ്യാന് പറഞ്ഞു‍.

അമേരിക്കയുടെ നേതൃത്വത്തില്‍ തുടരുന്ന ബോംബ് ആക്രമണങ്ങളില്‍ നൂറിലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി ലിബിയന്‍ അധികൃതര്‍ കുറ്റപ്പെടുത്തി. എന്നാല്‍ ലിബിയയിലെ സാധാരണക്കാരെ ഗദ്ദാഫി ആയുധം എടുപ്പിക്കുകയാണെന്ന് അമേരിക്ക പറഞ്ഞു.

വെബ്ദുനിയ വായിക്കുക