സിറിയയില്‍ ആഭ്യന്തരം കലാപത്തില്‍ മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടു. സിറിയയിലെ അല്‍ ഇക്ബാരി ചാനലിന്റെ വനിതാ റിപ്പോര്‍ട്ടര്‍ യാര അബ്ബാസാണ് കൊല്ലപ്പെട്ടത്. യാരയുടെ കൂടെയുണ്ടായിരുന്നവരേയും കലാപകാരികള്‍ ആക്രമിച്ചിരുന്നു. ഇവരെ ഗുരുതരമായി പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ഒമ്പത് ദിവസങ്ങളായി ഹിസ്ബുള്ള തീവ്രവാദികളുടെ പിന്തുണയോടെ സിറിയന്‍ സൈന്യം വിമതര്‍ക്കെതിരെ ശക്തമായ ആക്രമണമാണ് നടത്തുന്നത്. ഇതു കലാപം കൂടുതല്‍ രൂക്ഷമാക്കിയിരിക്കുകയാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം 70,000ത്തിലധികം പേരാണു കലാപത്തില്‍ കൊല്ലപ്പെട്ടത്.
ആക്രമണം തുടങ്ങിയതുമുതല്‍ മുതല്‍ റിപ്പോര്‍ട്ടിംഗ് രംഗത്ത് സജീവമായിരുന്നു യാര. ലെബനന്‍ അതിര്‍ത്തിയിലെ സംഘര്‍ഷം ചിത്രീകരിക്കുന്നതിനുവേണ്ടിയാണ് യാര അവിടെയെത്തിയത്. റിപ്പോര്‍ട്ടിംഗിനിടെ ഹോംസ് പ്രവിശ്യയിലെ ഖുഷേറില്‍ വെച്ചാണ് കലാപകാരികളുടെ ആക്രമണത്തില്‍ യാര കൊല്ലപ്പെട്ടത്.
2011 മാര്‍ച്ചില്‍ കലാപം ആരംഭിച്ചത് മുതല്‍ നിരവധി മാധ്യമപ്രവര്‍ത്തകരാണ് സിറിയയില്‍ കൊല്ലപ്പെട്ടത്.