സാധാരണ പാനീയമായി അംഗീകരിക്കപ്പെട്ടിരുന്ന ബിയര്‍ ഇനി റഷ്യയില്‍ നിയന്ത്രണങ്ങളുള്ള ലഹരി വസ്തുവായി കണക്കാക്കപ്പെടും. ബിയര്‍ ലഹരിവസ്തുവായി അംഗീകരിക്കുന്ന ബില്ലില്‍ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ് ഒപ്പുവച്ചതിനെ തുടര്‍ന്നാണിത്. തെരുവോരങ്ങളിലും പാര്‍ക്കിലും മറ്റും ബിയര്‍ നുണഞ്ഞ് യഥേഷ്ടം ലഹരി കണ്ടെത്തിയിരുന്ന റഷ്യക്കാര്‍ പുതിയ നിയമത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്.
ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വാങ്ങാവുന്ന ശീതള പാനീയമായിട്ടാണ് റഷ്യയില്‍ ബിയര്‍ കണക്കാക്കപ്പെട്ടിരുന്നത്. വോഡ്കയാണ് റഷ്യക്കാരുടെ ഇഷ്ട മദ്യമെന്ന് ലോകമെമ്പാടും പറയപ്പെടുന്നുണ്ടെങ്കിലും വോഡ്കയേക്കാള്‍ ബിയറാണ് റഷ്യയില്‍ വിറ്റഴിക്കപ്പെടുന്നത്. റഷ്യയില്‍ ലഹരി ഉപഭോഗം നേരത്തെയുള്ളതിന്റെ ഇരട്ടിയായിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കിയതിനു തൊട്ടുപിന്നാലെയാണ് ബിയറിനെ ലഹരി വസ്തുവായി കണക്കാക്കിക്കൊണ്ട് പ്രസിഡന്റ് ഉത്തരവിട്ടത്.
ലഹരിയുടെ അംശം 10 ശതമാനത്തില്‍ കുറഞ്ഞ പാനീയങ്ങള്‍ ഭക്ഷ്യ പദാര്‍ഥമായാണ് ഇതുവരെ റഷ്യ അംഗീകരിച്ചിരുന്നത്. പുതിയ ഉത്തരവോടെ രാജ്യത്തു വ്യാപകമായി വിപണനം നടത്തിയിരുന്ന ബിയര്‍ നിയന്ത്രണമുള്ള സ്പിരിറ്റിന് തുല്യമായ വസ്തുവായി. ബിയറിന് നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും ലഹരി കുറഞ്ഞ, ശീതളപാനീയം പോലെ കുടിക്കാവുന്ന ഒരുല്‍പന്നം വിപണിയില്‍ ഇറക്കുമെന്ന് പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്.