മുഷാറഫ് കാലുകുത്തി, പാകിസ്ഥാനില്‍ രക്തച്ചൊരിച്ചില്‍

തിങ്കള്‍, 25 മാര്‍ച്ച് 2013 (09:55 IST)
PRO
പാകിസ്ഥാനില്‍ ചാവേറാക്രമണം. 17 പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. വടക്കന്‍ വസീറിസ്ഥാനിലെ മിറാന്‍ഷായ്ക്ക് അടുത്തുള്ള ചെക്പോസ്റ്റിലേക്ക് സ്ഫോടകവസ്തുക്കള്‍ നിറച്ച ട്രക്ക്‌ ഇടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവസ്ഥലത്തുവച്ചുതന്നെ ആറ് പട്ടാളക്കാര്‍ മരിച്ചു. മറ്റുള്ളവര്‍ ആശുപത്രിയിലാണ് മരിച്ചത്. പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പാകിസ്ഥാനിലെത്തിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായിരിക്കുന്നത്.

12 പട്ടാളക്കാര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഇതൊരു ആദിവാസി പ്രദേശമാണ്. ഇവിടെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. താലിബാന്‍റെയും അല്‍‌ക്വൊയ്ദയുടെയും സുരക്ഷിത താവളമായാണ് മിറാന്‍ഷാ കണക്കാക്കപ്പെടുന്നത്.

അതേസമയം, കറാച്ചിയിലാണ് മുഷാറഫ് എത്തിയിരിക്കുന്നത്. മുഷാറഫ് പാര്‍ലമെന്റ് ഇംപീച്ചുമെന്‍റ് നേരിട്ടതിനു ശേഷം കഴിഞ്ഞ നാല് വര്‍ഷമായി ലണ്ടനിലും ദുബായിലുമായി കഴിയുകയായിരുന്നു.

നിരവധി കേസുകളില്‍ കുറ്റം ചുമത്തപ്പെട്ട മുഷാറഫിന് കോടതി ജാമ്യം അനുവദിച്ചതു കൊണ്ടാണ് പാകിസ്ഥാനിലേയ്ക്ക് തിരിച്ചു വരാന്‍ തീരുമാനിച്ചത്. മെയ് 11ന് നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിനു കൂടിയാണ് മുഷാറഫ് ഈ തിരിച്ചു വരവ് നടത്തിയിരിക്കുന്നത്. മുഷാറാഫ് പാകിസ്ഥാനില്‍ എത്തിയാല്‍ വധിക്കുമെന്ന് പാക് താലിബാന്‍ ഭീഷണി ഉയര്‍ത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക