മലേഷ്യ: പെണ്ണ് ‘പെണ്ണാകണം’

മലേഷ്യയില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ വസ്ത്രം ധരിക്കുന്നതും ആണിനെ പോലെ പെരുമാറുന്നതും വിലക്കി കൊണ്ട് രാജ്യത്തെ ഇസ്ലാമിക പണ്ഡിതരുടെ പ്രമുഖ സംഘടന ഉത്തരവ് പുറപ്പെടുവിച്ചു. ആണ്‍കുട്ടികളെ അനുകരിക്കുന്ന പെണ്‍കുട്ടികള്‍ ഇസ്ലാമിക നിയമങ്ങള്‍ ലംഘിക്കുകയാണെന്ന് പണ്ഡിതന്മാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഉത്തര മലേഷ്യയില്‍ നടന്ന ഫത്‌വ കൌണ്‍സില്‍ യോഗത്തിലാണ് പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ വേഷം ധരിക്കുന്നതും മറ്റും വിലക്കി കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്- ഉത്തര പെരക് സംസ്ഥാനത്തിലെ മുഫ്തിയായ ഹരുസനി ഇദ്രിസ് സകരിക പറഞ്ഞു.

രാജ്യത്തെ കൂടുതല്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ വേഷം ധരിക്കാനുളള താല്‍‌പര്യം പ്രകടമാക്കുന്നുണ്ട്. ഇതില്‍ ചിലര്‍ സ്വവര്‍ഗ്ഗാനുരാഗികളുമാണ്. സ്വവര്‍ഗ്ഗാനുരാഗം മലേഷ്യയില്‍ നിരോധിച്ചിട്ടില്ലെങ്കിലും പ്രകൃതിക്ക് വിരുദ്ധമാണ്. അതിനാല്‍ ഇസ്ലാം ഇതിനെ എതിര്‍ക്കുന്നു- ഹരുസനി പറഞ്ഞു.

പുതിയ വിലക്ക് പ്രകാരം പെണ്‍കുട്ടികള്‍ മുടി വെട്ടി ചെറുതാക്കുന്നതും ആണ്‍ കുട്ടികളുടേതിന് സമാനമായി നടക്കുന്നതും പെരുമാറുന്നതും കുറ്റകരമാണ്. ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ പോലെ പെരുമാറാനും പാടില്ല.

വെബ്ദുനിയ വായിക്കുക