മകന്‍ നഷ്ടപ്പെട്ട പിതാവിന് ഫേസ്ബുക്ക് നല്‍കിയ സ്നേഹസമ്മാനം!

വെള്ളി, 7 ഫെബ്രുവരി 2014 (15:19 IST)
PRO
PRO
ലുക്ക് ബാക്ക് വീഡിയോകള്‍ ഉണ്ടാക്കി അത് ആസ്വദിക്കുന്ന തിരക്കിലാണ് ഫേസ്ബുക്ക് പ്രേമികള്‍ ഇപ്പോള്‍. പത്താം ജന്മദിനത്തോടനുബന്ധിച്ച് ഫേസ്ബുക്ക് ഒരുക്കിയ ഈ സമ്മാനം ഉപയോക്താവ് ഫെയ്സ്ബുക്ക് അക്കൗണ്ട് തുടങ്ങിയ നാള്‍ മുതലുള്ള നിമിഷങ്ങള്‍ ഒരു ലുക്ക് ബാക്ക് ഫീച്ച‌ര്‍ ആയി വീഡിയോ രൂപത്തില്‍ അവതരിപ്പിക്കുകയാണ്. ഓരോരുത്തരും അവരവരുടെ ലുക്ക് ബാക്ക് വീഡിയോ ആസ്വദിക്കുന്നതിനിടെ ഇന്ന് ജീവിച്ചിരിപ്പില്ലാത്ത ഒരാളുടെ ലുക്ക് ബാക്ക് വീഡിയോ വൈറലായിരിക്കുകയാണിപ്പോള്‍.

യു എസിലെ ജോണ്‍ ബെര്‍ലിന്‍ എന്ന പിതാവിന്റെ കണ്ണീരില്‍ കുതിര്‍ന്ന അപേക്ഷയാണ് ഈ വീഡിയോ സൃഷ്ടിക്കപ്പെടാന്‍ കാരണമായത്. അദ്ദേഹത്തിന്റെ മകന്‍ ജെസ് ബെര്‍ലിന്‍ ഇന്ന് ഈ ലോകത്ത് ജീവിച്ചിരിപ്പില്ല. ആ മകന്റെ ലുക്ക് ബാക്ക് വീഡിയോ ഉണ്ടാക്കണം എന്നാവശ്യപ്പെട്ട് പിതാവ് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗുമായി ബന്ധപ്പെടുകയായിരുന്നു.

പേഴ്സണൽ അക്കൗണ്ടുകള്‍ വഴി മാത്രമാണ് ലുക്ക് ബാക്ക് വീഡിയോ സംവിധാനം ലഭ്യമാകുന്നത്. അതിനാല്‍ മകന്റെ അക്കൌണ്ട് തുറക്കാന്‍ ഫേസ്ബുക്കിന്റെ സഹായത്തോടെ മാത്രമേ സാധിക്കൂ. ആ പിതാവിന്റെ അപേക്ഷ ഫേസ്ബുക്ക് ചെവിക്കൊണ്ടു. അങ്ങനെ ജെസിന്റെ ഓര്‍മ്മയുണര്‍ത്തുന്ന മുഹൂര്‍ത്തങ്ങള്‍ പിതാവിന് വീഡിയോ രൂപത്തില്‍ ഫേസ്ബുക്ക് സമ്മാനിച്ചു. യൂട്യൂബില്‍ പ്രചരിക്കുന്ന ഈ വീഡിയോ രണ്ട് ദിവസത്തിനകം ഒരു ദശലക്ഷം പേര്‍ കണ്ടുകഴിഞ്ഞു.

2012ലാണ് ജെസ് മരിച്ചത്. മരിക്കുമ്പോള്‍ 21 വയസ്സായിരുന്നു പ്രായം.

വെബ്ദുനിയ വായിക്കുക