ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നെന്ന് ആരോപണം; ഖത്തറുമായുള്ള ബന്ധം ഗൾഫ് രാജ്യങ്ങൾ അവസാനിപ്പിച്ചു

തിങ്കള്‍, 5 ജൂണ്‍ 2017 (11:23 IST)
ഭീകരർക്ക് സഹായം നൽകുന്നുവെന്ന ആരോപണമുന്നയിച്ച് ഖത്തറുമായുള്ള നയതന്ത്രബന്ധം നാലു ഗള്‍ഫ് രാജ്യങ്ങൾ അവസാനിപ്പിച്ചു. സൗദി, ബഹ്‌റൈന്‍, യുഎഇ,  ഈജിപ്ത് എന്നീ രാജ്യങ്ങളാണ് നയതന്ത്രബന്ധം അവസാനിപ്പിച്ചത്. കൂടാതെ ഗള്‍ഫ് സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഖത്തര്‍ സ്വീകരിക്കുന്ന നിലപാടുകളില്‍ രാജ്യങ്ങള്‍ പ്രതിഷേധമറിയിക്കുകയും ചെയ്തു
 
ഖത്തറിലെ എംബസികളെല്ലാം അടച്ച ഈ രാജ്യങ്ങൾ, തങ്ങളുടെ ജീവനക്കാരെ അവിടെനിന്നു പിൻവലിക്കുമെന്നും വ്യക്തമാക്കി. ഗൾഫ് മേഖലയിലെ സുരക്ഷ ഖത്തർ അസ്ഥിരമാക്കിയെന്ന ആരോപണമാണ് യുഎഇ ഉന്നയിച്ചത്. അതേസമയം യെമനിൽ പോരാട്ടം നടത്തുന്ന സഖ്യസേനയിൽനിന്ന് ഖത്തറിനെ ഒഴിവാക്കിയതായി സൗദിയും വ്യക്തമാക്കി.
 
ഖത്തര്‍ പൗരന്മാര്‍ക്ക് സൗദി വിടാന്‍ 14 ദിവസത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്. ഖത്തറുമായുള്ള കര, ജല, വായു അതിര്‍ത്തികളെല്ലാം അടക്കുകയാണെന്ന് നാലു രാജ്യങ്ങളും വ്യക്തമാക്കി. ഖത്തറില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ റദ്ധാക്കുമെന്ന് വിമാന കമ്പനികളും അറിയിച്ചതായാണ് വിവരം. ദോഹയിലേക്കും തിരിച്ചുമുള്ള സര്‍വ്വീസുകള്‍ നാളെ മുതല്‍ ഉണ്ടാകില്ലെന്ന് ഇത്തിഹാദ് എയര്‍വെയ്‌സ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക