ബേനസീര്‍ വധം: ആരോപണം യു‌എസ് നിഷേധിച്ചു

വ്യാഴം, 22 ഏപ്രില്‍ 2010 (18:02 IST)
PRO
ബേനസീര്‍ വധവുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്കെതിരെ മുന്‍ ഐ‌എസ്‌ഐ മേധാവി ഉന്നയിച്ച ആരോപണത്തിന് ശക്തമായ മറുപടിയുമായി യു‌എസ് രംഗത്തെത്തി. ആരോപണം മര്യാദാലംഘനവും അടിസ്ഥാന രഹിതവുമാണെന്ന് യു‌എസ് വ്യക്തമാക്കി. ബേനസീറിന്‍റെ മരണത്തില്‍ യു‌എസിനും പങ്കുണ്ടെന്നായിരുന്നു ഐ‌എസ്‌ഐ മുന്‍ മേധാവിയായ ഹാമിദ് ഗുള്ളിന്‍റെ ആരോപണം.

ടെലിവിഷനുകളില്‍ സ്ഥിരം പ്രത്യക്ഷപ്പെടുന്ന ആളാണ് ഗുള്ളെന്നും അമേരിക്കന്‍ വിരുദ്ധ അജണ്ടയുടെ ഭാഗമാണ് ഗുള്ളിന്‍റെ ആരോപണങ്ങളെന്നും യു‌എസ് പൊതുകാര്യ വിഭാഗം അസിസ്റ്റന്‍റ് സെക്രട്ടറി പിജെ ക്രൌലി പറഞ്ഞു.

ഗുള്‍ ആരോപണമുയര്‍ത്തിയപ്പോള്‍ തന്നെ ഇസ്ലാമാബാദിലെ യു‌എസ് എം‌ബസി ഇക്കാര്യം നിഷേധിച്ചിരുന്നു. ഇത്തരം അഭിപ്രായങ്ങള്‍ നിരുത്തരവാദപരവും അടിസ്ഥാനരഹിതവുമാണെന്നും പാകിസ്ഥാന്‍ മാധ്യമങ്ങള്‍ ഇത് പരിശോധിക്കേണ്ടതാണെന്നും ക്രൌലി ചൂണ്ടിക്കാട്ടി.

തീവ്രവാദികളുടെ ലക്‍ഷ്യങ്ങള്‍ക്ക് മുന്നില്‍ പാകിസ്ഥാനെന്നോ അമേരിക്കയെന്നോ ഇല്ലെന്നും നിരപരാധികളുടെ ജീവനാണ് അവര്‍ കൊയ്യുന്നതെന്നും ക്രൌലി ചൂണ്ടിക്കാട്ടി. മാധ്യമസ്വാതന്ത്ര്യം സംരക്ഷിച്ചുകൊണ്ടുതന്നെ ഇത്തരം പ്രസ്താവനകള്‍ പെരുപ്പിച്ച് കാട്ടുന്നത് ഒഴിവാക്കാന്‍ പാകിസ്ഥാന്‍ മാധ്യമങ്ങള്‍ ശ്രമിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

വെബ്ദുനിയ വായിക്കുക