യാഥാസ്ഥിതിക മനോഭാവം വച്ചുപുലര്‍ത്തുന്ന രാഷ്‌ട്രങ്ങളില്‍ പ്രാകൃതവും നീതിരഹിതവുമായ ശിക്ഷാനടപടി കുറ്റവാളികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് സര്‍വസാധാരണമാണ്. പരസ്യമായി ബിയര്‍ കഴിച്ചതിന് മുസ്‌ലിം യുവതിക്ക് വിധിച്ച ചൂരലടി ശിക്ഷ ഒഴിവാക്കുക വഴി മലേഷ്യയിലെ മതമേധാവികള്‍ ഒരു മാറ്റത്തിന് തയ്യാറാവുകയാണ്.
പഹാംഗിലെ സുഖവാസകേന്ദ്രത്തിലിരുന്ന് കാര്‍ത്തിക സരിദേവി ഷുക്കാര്‍ണോ എന്ന യുവതിയാണ് കൂട്ടുകാരോടൊപ്പം ബിയര്‍ നുകര്‍ന്നത്. ബിയര്‍ കുടിച്ചുകൊണ്ടിരിക്കുമ്പൊള്‍ തന്നെ പൊലീസെത്തി കാര്‍ത്തികയെ കയ്യോടെ പിടികൂടി.
പ്രാദേശിക മതസമിതിയാണ് കാര്‍ത്തികയെ വിചാരണ ചെയ്തത്. ആറു ചൂരലടിയും 60,000 രൂപ പിഴയുമായിരുന്നു ശിക്ഷ. താന്‍ പുരുഷന്മാരോടൊപ്പം ഇരുന്ന് ബിയര്‍ കഴിച്ചുവെന്ന് മോഡല്‍ കൂടിയായ കാര്‍ത്തിക പ്രാദേശിക മതസമിതിക്ക് മുമ്പില്‍ സമ്മതിച്ചു. എന്നാല്‍ താന്‍ ചെയ്തത് മഹാ അപരാധമായി തോന്നുന്നില്ലെന്നും മാപ്പപേക്ഷിക്കാന്‍ തയ്യാറല്ല എന്നും കൂടി പറയാന്‍ കാര്‍ത്തിക ധൈര്യം കാണിച്ചു.
കാര്‍ത്തികയ്ക്കെതിരെ വിധിച്ച പ്രാകൃതവും നീതിരഹിതവുമായ ശിക്ഷാനടപടിക്കെതിരെ മലേഷ്യന്‍ മാധ്യമങ്ങള്‍ ശബ്ദമുയര്‍ത്തിയതോടെ മതനേതൃതവം പരുങ്ങലിലായി. തുടര്‍ന്ന് അവസാന നിമിഷം ശിക്ഷാനടപടികള്‍ മാറ്റിവയ്ക്കുകയും ചെയ്തു. എന്നാല്‍ ചൂരലടിക്കും 60,000 രൂപ പിഴയ്ക്കും പകരം മൂന്നാഴ്ച സാമൂഹികസേവനം നടത്താന്‍ കാര്‍ത്തികയോട് ആവശ്യപ്പെട്ടിട്ടുണ്ട്
മദ്യം വ്യാപകമായി ലഭ്യമാണെങ്കിലും മലേഷ്യയിലെ 60 ശതമാനംവരുന്ന മുസ്‌ലിങ്ങള്‍ അതുപയോഗിക്കുന്നത് മതം വിലക്കിയിരിക്കുകയാണ്. കാര്‍ത്തികയ്ക്കെതിരെ ശിക്ഷാ നടപടി റദ്ദാക്കുക വഴി മദ്യം കഴിക്കാന്‍ സ്ത്രീകള്‍ക്ക് വിധിച്ചിരിക്കുന്ന വിലക്കില്‍ തുറന്ന സമീപനം കൈക്കൊള്ളാന്‍ ഒരുങ്ങുകയാണ് മലേഷ്യന്‍ മതനേതൃത്വമെന്ന് കരുതാം.
(നിങ്ങള്‍ക്കും വെബ്‌ദുനിയയില്‍ എഴുതാം - വാര്‍ത്തകള്‍, ലേഖനങ്ങള്‍, കവിത, ചെറുകഥ തുടങ്ങി നിങ്ങളുടെ സൃഷ്‌ടികള്‍ [email protected]എന്ന ഇ-മെയില്‍ വിലാസത്തില്‍ അയച്ചുതരിക യൂണീക്കോഡില്‍ മാറ്റര്‍ അയച്ചുതരുവാന്‍ ശ്രദ്ധിക്കുക. ഫോണ്ടാണ് ഉപയോഗിക്കുന്നതെങ്കില്‍ ഫോണ്ടിന്റെ പേര് അറിയിക്കുക. രചനകള്‍ പ്രസിദ്ധീകരണയോഗ്യമാണോ എന്ന് തീരുമാനിക്കാനുള്ള അന്തിമ അധികാരം വെബ്‌ദുനിയ എഡിറ്റോറിയല്‍ ടീമിനായിരിക്കും. പ്രസിദ്ധീകരിക്കുന്ന രചനകളില്‍ നിങ്ങളുടെ പേര് ഉള്‍പ്പെടുത്തുന്നതായിരിക്കും)