നിതാഖാത് ഇളവ് കാലാവധി അവസാനിച്ചു; നാടുകടത്തുന്നവര്‍ക്ക് പത്ത് വര്‍ഷം വിലക്ക്!
തിങ്കള്‍, 4 നവംബര്‍ 2013 (10:48 IST)
PRO
ഇളവ് കാലാവധി അവസാനിച്ചതോടെ സൗദി അറേബ്യയില്‍ നിയവിരുദ്ധമായി ജോലിചെയ്യുന്നവരെ കണ്ടെത്താന്‍ കര്‍ശന പരിശോധനകളാരംഭിക്കും. സമയ പരിധി അവസാനിച്ചെങ്കിലും പദവി ശരിയാക്കാനുളള അവസരം തുടരുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു.
നിയമലംഘകരെ കണ്ടെത്താന്‍ വ്യാപക റെയ്ഡുകള്‍ ആരംഭിക്കുമെന്നും അഭ്യന്തര മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ പറഞ്ഞു. നിയമ ലംഘകരെ പിടികൂടുന്നതിന് പ്രത്യേക സേന രൂപീകരിച്ചിട്ടുണ്ട്.
നിയമ ലംഘകരെ നാടുകടത്തുന്നതിനുളള ചെലവ് നിയമ ലംഘകരോ അവരുടെ സ്‌പോണ്‍സര്‍മാരോ വഹിക്കേണ്ടി വരും. സ്ഥാപനങ്ങളില്‍ നടക്കുന്ന പരിശോധനക്കിടെ തൊഴില്‍ മന്ത്രാലയ സംഘങ്ങള്‍ കണ്ടെത്തുന്ന നിയമലംഘകരെ എത്രയും വേഗം നാടു കടത്താനും അധികൃതര്‍ ആലോചിക്കുന്നുണ്ട്.
രണ്ട് ഡീപോട്ടേഷന്‍ സെന്ററുകള്‍ നിതാഖത്ത് നിയമ ലംഘകരെ താമസിക്കാനായി സൗദി ഒരുക്കിയിട്ടുണ്ട്. ഇവരെ സ്വന്തം നാടുകളിലേക്ക് കടത്തിവിടാന്‍ ജിദ്ദ വിമാനത്താവളത്തില്‍ പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കും.
പിടിയിലായി നാടുകടത്തി വിടുന്ന നിയമലംഘകര്‍ക്ക് വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിന് പത്ത് വര്‍ഷത്തെ വിലക്കുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മുന്‍ കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം തിരിച്ചറിയല്‍ കാര്‍ഡുകള്‍ കാണിച്ചായിരിക്കും സുരക്ഷാ വകുപ്പ് പരിശോധന നടത്തുക. താമസ സ്ഥലങ്ങള്‍ കയറിയുളള പരിശോധന ഉണ്ടാകില്ല. അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കും.