നിങ്ങള്‍ വൈകി എഴുന്നേല്‍ക്കുന്നതില്‍ സ്ഥിരമായി അമ്മ പരാതി പറയാറുണ്ടോ? എങ്കില്‍ അമ്മയോട് സുക്കര്‍ബര്‍ഗിന് ചിലത് പറയാനുണ്ട്
തിങ്കള്‍, 11 ഏപ്രില്‍ 2016 (16:30 IST)
ദിനചര്യയ്‌ക്ക് ജീവിതത്തില്‍ വലിയ സ്ഥാനമുണ്ട്. ജോലി, ആരാധന, എന്തിന് ഉല്ലാസങ്ങൾക്കുപോലും ഒരു ക്രമമുണ്ട്. സമയം ശരിയായ രീതിയില്‍ ചിട്ടപ്പെടുത്തി അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്താല്‍ ജീവിതത്തെ മികച്ച രീതിയില്‍ മുന്നോട്ട് നയിക്കാന്‍ നമുക്ക് കഴിയും. അതില്‍ ഏറ്റവും പ്രധാനം ഒരു ദിവസം നാം എങ്ങനെ തുടങ്ങുന്നു എന്നതാണ്. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ലോകത്തെ ചില പ്രശസ്തരുടെ ദിനചര്യ. ലോകത്തെ പ്രധാനപ്പെട്ട എട്ട് നേതാക്കളുടെ ദിവസം എങ്ങനെ തുടങ്ങുന്നു എന്ന് നോക്കാം-
ബരാക്ക് ഒബാമ
രാവിലെ ആറ് നാല്‍പ്പത്തഞ്ചിനാണ് ബരാക്ക് ഒബാമ എഴുന്നേല്‍ക്കുന്നത്. അതിന് ശേഷം നേരെ ജിമ്മിലേക്കാണ്. ജിമ്മിലെ പരിശീലനം കഴിഞ്ഞാല്‍ ഭാര്യ മിഷേലിനും മക്കളായ മലിയയ്ക്കും സാഷയ്ക്കുമൊപ്പം പ്രഭാത ഭക്ഷണം കഴിക്കാന്‍ ഇരിക്കും. ഇതില്‍ ഒരു മാറ്റവും വരുത്താറില്ലെന്ന് ഒബാമ പറയുന്നു.
നരേന്ദ്ര മോദി
രാവിലെ അഞ്ചിന് മോദി ഉറക്കമുണരും. യോഗ, വ്യായാമം എന്നിവ മുടങ്ങാതെ ദിവസം തുടങ്ങും. കുളികഴിഞ്ഞശേഷം കമ്പ്യൂട്ടറിനു മുന്നില്‍ അല്‍പ്പനേരം. ഇ-മെയിലുകള്‍ വായിച്ച് ആവശ്യമുള്ളതിന് മറുപടി അയയ്ക്കും. വീട്ടിലെത്തിയ പത്രങ്ങള്‍ വായിക്കുന്നതിനുപുറമെ ഇന്റര്‍നെറ്റില്‍ അന്താരാഷ്ട്രപത്രങ്ങളും വായിക്കും. തുടര്‍ന്ന് പ്രഭാതഭക്ഷണം.
ഹൊവാര്‍ഡ് ഷുല്‍ട്സ്
തന്റെ നേട്ടങ്ങള്‍ക്ക് പിന്നില്‍ ദിവസേന മുടങ്ങാതെ കഴിക്കുന്ന കോഫിയാണെന്നാണ് ലോകത്തെ ഏറ്റവും മികച്ച വ്യവസായിയും സ്റ്റാര്‍ബക്സിന്റെ സി ഇ ഒ കൂടിയായ ഹൊവാര്‍ഡ് ഷുല്‍ട്സ് പറയുന്നത്. 4.30നാണ് ഷുല്‍ട്സ് എഴുന്നേറ്റ ശേഷം തന്റെ മൂന്ന് വളര്‍ത്തു നായകളുടെ കൂടെ നടക്കാന്‍ ഇറങ്ങും. തിരിച്ചെത്തിയ ശേഷം 5.45ഓടെ ഭാര്യയ്ക്കൊപ്പം കോഫി കുടിക്കാന്‍ ഇരിക്കും. കോഫി ഉണ്ടാക്കുന്നത് ഷുല്‍ട്സ് തന്നെയാണ്. ഇതിനായി ഉപയോഗിക്കുന്ന പൌഡര്‍ സുമാത്രന്‍ ദ്വീപുകളില്‍ ഉണ്ടാക്കുന്ന പ്രത്യേകതരം കോഫി പൌഡര്‍ അണ്. ഒരു സ്വകാര്യ ടി വി ചാനല്‍ നടത്തിയ അഭിമുഖത്തിലാണ് ഷുല്‍ട്സ് ഇക്കാര്യം പറഞ്ഞത്.
സ്റ്റീവ് ജോബ്സ്
വളരെ വ്യത്യസ്തമായ രീതിയിലായിരുന്നു ആപ്പിള്‍ കമ്പനിയുടെ മുന്‍ തലവനായിരുന്ന സ്റ്റീവ് ജോബ്സിന്റെ ഒരു ദിവസം തുടങ്ങിയിരുന്നത്. അതിനേക്കുറിച്ച് സ്റ്റീവ് പറയാറുള്ളത് ഇങ്ങനെയാണ്- രാവിലെ ഉണര്‍ന്ന ശേഷം ഞാന്‍ നേരെ കണ്ണാടിക്ക് മുന്നില്‍ ചെന്ന് സ്വയം ഒരു ചോദ്യം ചോദിക്കും. ‘ഇന്ന് ജീവിതത്തിലെ തന്റെ അവസാന ദിനമാണെങ്കില്‍, ഇന്ന് ചെയ്യാന്‍ പോകുന്ന കാര്യങ്ങളില്‍ ഞാന്‍ സംതൃപ്തനായിരിക്കുമോ? ആ ചോദ്യത്തിന് തന്റെ മനസ് അല്ലെന്ന ഉത്തരമാണ് നല്‍കുന്നതെങ്കില്‍ എടുത്ത തീരുമാനങ്ങളില്‍ ചില മാറ്റങ്ങള്‍ ഞാന്‍ വരുത്തും.
ബില്‍ ഗേറ്റ്സ്
ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന വ്യായാമത്തോടെയാണ് മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനായ ബില്ല് ഗേറ്റ്സിന്റെ ഒരു ദിവസം തുടങ്ങുന്നത്. ജിമ്മിലെ വ്യായാമത്തിനൊപ്പം പഠനസംബന്ധമായ അറിവുകള്‍ നല്‍കുന്ന വീഡിയോയും കാണുന്നത് ഒരു പതിവാണ്.
മാര്‍ക്ക് സുക്കര്‍ബര്‍ഗ്
നല്ല ഉറക്കത്തില്‍ വിളിച്ചുണര്‍ത്തി അമ്മ നിങ്ങളെ ശല്യപ്പെടുത്താറുണ്ടോ? എങ്കില്‍ ഇനി ധൈര്യമായി അവരോട് മാര്‍ക്ക് സുക്കര്‍ബര്‍ഗിനേക്കുറിച്ച് പറഞ്ഞോളു. എന്താണെന്ന് അറിയുമോ? സമൂഹ്യമാധ്യമങ്ങളില്‍ ഏറ്റവും മികച്ചു നില്‍ക്കുന്ന ഫേസ്ബുക്കിന്റെ സ്ഥാപകനായ സുക്കര്‍ബര്‍ഗ്
എഴുന്നേല്‍ക്കുന്നത് എട്ട് മണിക്കാണ്. പക്ഷെ പലപ്പോഴും പുലര്‍ച്ചെ ആറുമണിവരെയൊക്കെ ജോലി ചെയ്യാറുണ്ടെന്നാണ് സുക്കര്‍ബര്‍ഗ് പറയുന്നത്!
ലിയോനാര്‍ഡൊ ഡിക്കാപ്രിയൊ
ലോക സിനിമാപ്രേമികളുടെ ഹരമാണ് ലിയോനാര്‍ഡൊ ഡിക്കാര്‍പിയൊ എന്ന പ്രണയ നായകന്‍. ആ മഹാനടന്‍ ഒരു ദിവസം എങ്ങനെയായിരിക്കും തുടങ്ങുക? ലിയോനാര്‍ഡൊയുടെ ദിവസം തുടങ്ങുന്നത് കുറച്ച് വൈകിയാണ്. 9 മണിക്കാണ് താരം എഴുന്നേല്‍ക്കുന്നത്. പിന്നീട് കുറച്ചു സമയം തടാകത്തില്‍ ചിലവിടും. അരമണിക്കൂറിന് ശേഷം തിരിച്ചെത്തിയാല്‍ പ്രഭാത ഭക്ഷണം കഴിക്കും.
വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍
മറ്റ് ലോകനേതാക്കളുടേതുപോലെ നേരത്തെ എഴുന്നേല്‍ക്കുന്ന പ്രകൃതക്കാരനായിരുന്നില്ല മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍. 7.30 ആകുമ്പോള്‍ എഴുന്നേറ്റാള്‍ പിന്നെ മുട്ട, ടോസ്റ്റ്, ജാം, ഇറച്ചി, മുന്തിരി എന്നിവ ഉള്‍പ്പടെയുള്ള പ്രഭാത ഭക്ഷണം. പത്രവായന കഴിഞ്ഞതിന് ശേഷമായിരുന്നു വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പ്രഭാത ഭക്ഷണം കഴിക്കാറുണ്ടായിരുന്നത്. അതിനൊപ്പം കുറച്ച് വിസ്ക്കിയും കഴിക്കുന്നത് പതിവായിരുന്നു.