സൈനിക കലാപം നടന്ന ബംഗ്ലാദേശ് റൈഫിള്‍സ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി ഉച്ചയോടെ കണ്ടെടുത്തു. ഇതോടെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 77 ആയതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. എന്നാല്‍ കലാപത്തില്‍ നൂറിലധികം പേര് മരിച്ചതായാണ് വിവരം.
ശനിയാഴ്ച രാവിലെ പത്ത് മൃതദേഹങ്ങള്‍ കണ്ടെടുത്തതിന് പിന്നാലെയാണ് വീണ്ടും മൃതദേഹങ്ങള്‍ ലഭിച്ചത്. കൊല്ലപ്പെട്ട ബിഡിആര്‍ തലവന്‍ മേജര്‍ ജനറല്‍ ഷക്കീല്‍ അഹമ്മദിന്റെ ഭാര്യ നസ്നീന് അടക്കമുള്ളവരുടെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെടുത്തത്. ഇവരുടെ മകനെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല.
കലാപത്തെ തുടര്‍ന്ന് സൈനികര്‍ ബന്ദികളാക്കിയ 130 പേരെ കാണാതായിട്ടുണ്ട്. കഴിഞ്ഞ ദിവസം ക്വാര്‍ട്ടേഴ്സില്‍ നിന്ന് 42 മൃതശരീരങ്ങള്‍ കണ്ടെടുത്തിരുന്നു. കുറഞ്ഞ ശമ്പളത്തിലും മോശം തൊഴില്‍ സാഹചര്യങ്ങളിലും പ്രതിഷേധിച്ചാണ് രണ്ടായിരത്തോളം ബി ഡി ആര് ജവാന്മാര് കലാപം തുടങ്ങിയത്.
അതേസമയം കലാപത്തിലെ പ്രതികളെ വിചാരണ ചെയ്യാന്‍ പ്രത്യേക കോടതി സ്ഥാപിക്കുമെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ അറിയിച്ചു. കലാപവുമായി ബന്ധപ്പെട്ട് 200 സൈനികരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ആഭ്യന്തര സുരക്ഷാ ചുമതലയുള്ള റാപ്പിഡ് ആക്ഷന്‍ ഫോഴ്സാണ് സൈനികരെ അറസ്റ്റ് ചെയ്തത്. കലാപത്തെ കുറിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.