താജ്‌മഹലിനെ അപമാനിച്ചു; വിശ്വസുന്ദരിക്കെതിരേ കേസ്

വ്യാഴം, 10 ഒക്‌ടോബര്‍ 2013 (21:12 IST)
PRO
PRO
ലോകാത്ഭുതങ്ങളില്‍ ഒന്നും ഇന്ത്യയുടെ അഭിമാനസ്‌തംഭവുമായ താജ്‌മഹലിനെ അപമാനിച്ചെന്ന ആരോപണത്തില്‍ വിശ്വസുന്ദരി ഒലീവിയ കള്‍പ്പോയ്‌ക്കെതിരേ കേസ്‌. ഷൂസ്‌ കമ്പനിയുടെ ഫാഷന്‍ ഷൂട്ടില്‍ പങ്കെടുത്ത്‌ ലോകാത്ഭുതത്തെ അപമാനിച്ചു എന്ന്‌ കാണിച്ച്‌ കെയര്‍ടേക്കര്‍ നല്‍കിയ പരാതിയില്‍ ആഗ്രാ ടൂറിസം പോലീസാണ്‌ കേസെടുത്തിരിക്കുന്നത്‌.

പരസ്യത്തിനായി ചുവപ്പ്‌ നിറത്തിലുള്ള നീളന്‍ വസ്‌ത്രമണിഞ്ഞ്‌ എത്തിയ സുന്ദരി ബ്രാന്‍ഡഡ്‌ ഷൂസ്‌ അണിഞ്ഞ്‌ ഡയാനാ സീറ്റില്‍ സുന്ദരി ഇരിക്കുകയും ഫോട്ടോഷൂട്ടില്‍ പങ്കെടുക്കുകയും ചെയ്‌തു. താജ്‌മഹല്‍ സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ ചെരുപ്പ്‌ അഴിച്ചുവെച്ചാണ്‌ പ്രവേശിക്കാറ്‌. എന്നാല്‍ 1992 ല്‍ ഡയാനയുടെ സന്ദര്‍ശനത്തിന്റെ ഓര്‍മ്മയ്‌ക്കായി സ്‌ഥാപിക്കപ്പെട്ട ഡയാനാ സീറ്റ്‌ സ്‌ഥാപിച്ചിട്ടുള്ള ഗാര്‍ഡന്‍ ഏരിയയില്‍ ചെരുപ്പ്‌ അനുവദനീയമാണ്‌ താനും. താജ്‌മഹലില്‍ ചിത്രീകരണത്തിന്‌ കര്‍ശനമായ നിയന്ത്രണമുണ്ട്‌. ഇതിനെ പശ്‌ചാത്തലമാക്കിയുള്ള ചിത്രീകരണത്തിന്‌ പ്രത്യേക അനുമതി എന്ന നിര്‍ദേശവും പാലിച്ചില്ലെന്ന്‌ പുരാവസ്‌തു ഗവേഷണ വകുപ്പും ആരോപിക്കുന്നു.

പ്രമുഖ ഷൂസ്‌ കമ്പനിയുടെ പരസ്യചിത്രീകരണവുമായി ബന്ധപ്പെട്ട്‌ പത്ത്‌ ദിനം നീണ്ട ഇന്ത്യാ സന്ദര്‍ശനത്തിനിടയിലാണ്‌ 21 കാരിയായ ഒലിവിയയും സംഘവും താജ്‌മഹലിന്‌ സമീപത്ത്‌ ചിത്രീകരണം നടത്തിയത്‌. ഇന്ത്യന്‍ വംശജയായ ഫാഷന്‍ ഡിസൈനര്‍ സഞ്‌ജനാ ജോണിനെതിരേയും കേസുണ്ട്‌. കള്‍പോയ്‌ക്കും അവരുടെ ടീം അംഗങ്ങള്‍ക്കും എതിരേ കേസ്‌ റജിസ്‌റ്റര്‍ ചെയ്‌തതായി ആഗ്രാ ടൂറിസം പോലീസ്‌ വ്യക്‌തമാക്കിയിട്ടുണ്ട്‌.

അതേസമയം കള്‍പ്പോയുടെ ഓഫീസ്‌ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കുറ്റക്കാരിയാണെന്ന്‌ കണ്ടെത്തിയാല്‍ സുന്ദരി പിഴയടയ്‌ക്കേണ്ടി വരും. അതേസമയം വിവാദത്തെ കുറിച്ച്‌ ഇതുവരെ കള്‍പ്പോ അറിഞ്ഞിട്ടില്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

വെബ്ദുനിയ വായിക്കുക