തടവില്‍ കഴിയുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയക്കുമെന്ന് ശ്രീലങ്ക

വെള്ളി, 28 മാര്‍ച്ച് 2014 (13:13 IST)
PRO
PRO
തടവില്‍ കഴിയുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയ്ക്കാന്‍ ശ്രീലങ്കന്‍ തീരുമാനം. മത്സ്യത്തൊഴിലാളികളെ നിരുപാധികം വിട്ടയക്കുമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജ്പക്‌സെ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ശ്രീലങ്കയ്‌ക്കെതിരായ യുഎന്‍ പ്രമേയം പാസാക്കുന്നതില്‍ നിന്ന് ഇന്ത്യ വിട്ട് നിന്നിരുന്നു. അതേസമയം പ്രമേയത്തെ ഇന്ത്യ പിന്തുണയ്ക്കണമായിരുന്നെന്ന് കേന്ദ്രമന്ത്രി പി ചിദംബരം അഭിപ്രായപ്പെട്ടു.

ശ്രീലങ്കയിലെ യുദ്ധകുറ്റകൃത്യങ്ങളില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്ന പ്രമേയമാണ് കഴിഞ്ഞ ദിവസം യുഎന്‍ പാസാക്കിയത്. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലാണ് പ്രമേയത്തിന്‍മേലുള്ള വോട്ടെടുപ്പ് നടന്നത്. 123 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 12 രാജ്യങ്ങള്‍ എതിര്‍ത്തു. ഇന്ത്യയുള്‍പ്പെടെ 12 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.

ഇന്ത്യ-ശ്രീലങ്ക നയതന്ത്ര ബന്ധത്തില്‍ ഏറെ ഉലച്ചിലുകള്‍ ഉണ്ടാക്കിയ വിഷയമായിരുന്നു തടവില്‍ കഴിയുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടേത്. നൂറുകണക്കിന് മത്സ്യത്തൊഴിലാളികളാണ് സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന കുറ്റത്തിന് ശ്രീലങ്കന്‍ ജയിലുകളില്‍ കഴിയുന്നുണ്ട്. യുഎന്‍ പ്രമേയത്തെ പിന്തുണയ്ക്കാതിരുന്ന ഇന്ത്യന്‍ നിലപാടിനുള്ള പ്രത്യുപകാരമായി വേണം ഇപ്പോഴത്തെ ശ്രീലങ്കന്‍ നടപടിയെ വീക്ഷിക്കാന്‍.

വെബ്ദുനിയ വായിക്കുക