ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ പാകിസ്ഥാനില്‍ പിടിയില്

ബുധന്‍, 13 ജനുവരി 2016 (19:24 IST)
പത്താന്‍‌കോട്ട് ഭീകരാക്രമണത്തിന്‍റെ ഉത്തരവാദി ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസര്‍ പാകിസ്ഥാന്‍ പൊലീസിന്‍റെ വലയില്‍. മസൂദ് അസറും സഹോദരന്‍ റൌഫും മറ്റ് കൂട്ടാളികളും പാകിസ്ഥാനില്‍ അറസ്റ്റിലായതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
 
പത്താന്‍‌കോട്ട് ഭീകരാക്രമണത്തില്‍ ജെയ്ഷെ മുഹമ്മദിന്‍റെ പങ്ക് സംബന്ധിച്ച് ഇന്ത്യ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പാകിസ്ഥാന്‍റെ ഈ നടപടി. പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണെന്ന് പാക് മാധ്യമങ്ങള്‍ പറയുന്നു.
 
ജയ്ഷെ മുഹമ്മദിന്‍റെ പാക്കിസ്ഥാനിലെ ഓഫിസ് സീല്‍ ചെയ്തിട്ടുണ്ട്. ആക്രമണത്തേക്കുറിച്ച് അന്വേഷിക്കുന്ന പാക് സംഘം കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായിന്‍ ഇന്ത്യയില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
അതേസമയം, പാകിസ്ഥാന് ഇക്കാര്യത്തില്‍ അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കുന്നതിനായി ഇന്ത്യ - പാക് സെക്രട്ടറിതല ചര്‍ച്ച മാറ്റിവയ്ക്കുമെന്ന് ഏകദേശം ഉറപ്പായി. 
 
കാണ്ഡഹാര്‍ വിമാനറാഞ്ചലിന് ശേഷം 1999ലാണ് ഇന്ത്യ മസൂദ് അസറിനെ വിട്ടയച്ചത്.

വെബ്ദുനിയ വായിക്കുക