ജര്‍മ്മന്‍ യാത്രാവിമാനം ഫ്രാന്‍സില്‍ തകര്‍ന്നു; മുഴുവന്‍ യാത്രക്കാരും മരിച്ചു

ബുധന്‍, 25 മാര്‍ച്ച് 2015 (08:43 IST)
ദക്ഷിണ ഫ്രാന്‍സില്‍ ജര്‍മന്‍ യാത്രാവിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും മരിച്ചു. വിമാനം തകര്‍ന്നതായി സ്ഥിരീകരിച്ച ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദ് ആരും രക്ഷപ്പെട്ടിരിക്കാന്‍ സാധ്യതയില്ലെന്നും അറിയിച്ചു. അതേസമയം അപകടകാരണം ഇതുവരെയും വ്യക്തമായിട്ടില്ല.
 
വിമാനത്തിന്റെ ബ്ലാക്​ബോക്സ് കണ്ടെടുത്തിട്ടുണ്ട്. സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നിന്ന് ജര്‍മനിയിലെ ഡസല്‍ഡോര്‍ഫിലേക്ക് പോവുകയായിരുന്ന ലുഫ്താന്‍സ ജര്‍മന്‍ വിങ്‌സിന്റെ 'എയര്‍ബസ് എ 329' ആണ് ദുരന്തത്തില്‍പ്പെട്ടത്. രണ്ടു പൈലറ്റുമാരടക്കം ആറ്​ജീവനക്കാരും 144 യാത്രക്കാരുമായിരുന്നു​വിമാനത്തില്‍ ഉണ്ടായിരുന്നത്​. ഇതില്‍ 42 പേരും സ്പെയിന്‍ പൌരന്മാരാണെന്നാണ് റിപ്പോര്‍ട്ട്.
 
ജര്‍മനി, സ്പെയിന്‍, തുര്‍ക്കി, ബെല്‍ജിയം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്​വിമാനത്തില്‍ ഉണ്ടായിരുന്നത്​. ജര്‍മനിയില്‍ നിന്നുള്ള 67പേരും ജര്‍മന്‍കാരായ 18 വിദ്യാര്‍ത്ഥികളും മരിച്ചവരില്‍ ഉള്‍പ്പെടും. മോശം കാലാവസ്ഥയാണ്​വില്ലനായതെന്നാണ്​പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
 
യൂറോപ്പിലെ മുന്‍നിര കമ്പനിയായ ലുഫ്താന്‍സയുടെ കീഴിലുള്ള ജര്‍മന്‍ വിങ്‌സിന്റേതാണ് വിമാനം. 24 വര്‍ഷം പഴക്കമുള്ള വിമാനം 1991 മുതല്‍ ലുഫ്താന്‍സ ഉപയോഗിക്കുന്നതാണ്. 5000 അടി ഉയരത്തില്‍ നിന്നാണ് വിമാനം തകര്‍ന്നത്. അപകടത്തെ തുടര്‍ന്ന് ലുഫ്താന്‍സയുടെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി.

വെബ്ദുനിയ വായിക്കുക