ചൊവ്വ യാത്ര: ചുരുക്കപ്പട്ടികയില്‍ 44 ഇന്ത്യക്കാര്‍

വെള്ളി, 9 മെയ് 2014 (10:20 IST)
ചൊവ്വയില്‍ കോളനി സ്ഥാപിക്കാനുള്ള ലക്‌ഷ്യത്തോടെ സ്വകാര്യ ഏജന്‍സി നടത്തുന്ന ഏകദിശാ ചൊവ്വാ യാത്രക്ക് ചുരുക്കപ്പട്ടികയില്‍ 17 വനിതകള്‍ ഉള്‍പ്പെടെ 44 ഇന്ത്യക്കാര്‍. ആകെ 705 പേരാണ് ചുരുക്കപ്പട്ടികയില്‍ ഇടംനേടിയത്. നെതര്‍ലന്‍ഡ്സ് ആസ്ഥാനമായ മാഴ്സ് വണ്‍ ആണ് യാത്രാപരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. മൊത്തം അപേക്ഷകരില്‍ 353 പേരെ പ്രാഥമിക പരിശോധനയില്‍ ഒഴിവാക്കിയതായി ഏജന്‍സി അറിയിച്ചു. തിരുവനന്തപുരം, ന്യൂഡല്‍ഹി, ഹൈദരാബാദ്, മുംബൈ, കൊല്‍ക്കത്ത, പൂനെ തുടങ്ങിയ നഗരങ്ങളില്‍നിന്നുള്ളവരാണ് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാര്‍. ചൊവ്വ യാത്രക്ക് 140 രാജ്യങ്ങളില്‍നിന്ന് അപേക്ഷ ലഭിച്ചിരുന്നു.
 
705 പേരെ മാഴ്സ് വണ്‍ സെലക്‌ഷന്‍ കമ്മിറ്റി അഭിമുഖം നടത്തിയാണ് അന്തിമ പട്ടിക തയാറാക്കുക. 2013 ഡിസംബറില്‍ മാഴ്സ് വണ്‍ 1058 പേരുടെ പട്ടിക പുറത്തിറക്കിയിരുന്നു. ഇന്ത്യയില്‍നിന്ന് 62 പേരാണ് ആദ്യ പട്ടികയിലുണ്ടായിരുന്നത്. തുടര്‍ന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ഇവരോട് ആവശ്യപ്പെട്ടു. 

പൊതുജനങ്ങള്‍ക്കായി ഓണ്‍ലൈനില്‍ അപേക്ഷകരുടെ പ്രൊഫൈല്‍ തയാറാക്കാനും നിര്‍ദേശിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ പൂര്‍ത്തിയായ ഈ പ്രക്രിയകള്‍ക്കൊടുവിലാണ് രണ്ടാം റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക പ്രസിദ്ധീകരിച്ചത്. അമേരിക്കയില്‍നിന്ന് 313 പേരും യൂറോപ്പില്‍നിന്ന് 187 പേരും ഏഷ്യയില്‍നിന്ന് 136 പേരും ആഫ്രിക്കയില്‍നിന്ന് 41 പേരും ഓഷ്യാന മേഖലയില്‍നിന്ന് 28 പേരുമാണ്ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക