ക‌അ‌ബ കഴുകല്‍ ചടങ്ങ് പൂര്‍ത്തിയായി

ശനി, 2 ജനുവരി 2010 (19:44 IST)
PRO
PRO
സൌദി ഭരണാധികാരി അബ്ദുല്ല രാജാവിനു വേണ്ടി മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്റെ നേതൃത്വത്തില്‍ നടന്ന വിശുദ്ധ ക‌അ‌ബ കഴുകല്‍ ചടങ്ങ് ശനിയാഴ്ച പൂര്‍ത്തിയായി. മുതിര്‍ന്ന മതപണ്ഡിതരും ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നയതന്ത്ര പ്രതിനിധികളും ഇരുഹറം കാര്യാലയ ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.

ക‌അ‌ബ കഴുകല്‍ ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് മെക്കയിലെ വലിയ പള്ളിക്ക് നടുവില്‍ സ്ഥിതി ചെയ്യുന്ന ക്യൂബ് ആകൃതിയിലുള്ള രൂപത്തിന്റെ ഉള്‍‌വശം കാണാനുള്ള ഭാഗ്യം ലഭിച്ചു. ക്യൂബിന്റെ ഉള്‍‌വശത്ത് നടന്ന രണ്ട് രകാഹുകളോടെയാണ് (ഒരുതരം ചടങ്ങ്) കഴുകല്‍ ചടങ്ങ് ആരംഭിച്ചത്.

മെക്കയിലെ അല്‍‌ഹാരം പള്ളിയുടെ ഉള്ളില്‍ സ്ഥിതി ചെയ്യുന്ന സംസം കിണറിലെ വിശുദ്ധജലമാണ് ക‌അ‌ബ കഴുകാന്‍ ഉപയോഗിച്ചത്. ഇബ്രാഹിം നബിയുടെ മകന്‍ ഇസഹാഖ് കുഞ്ഞായിരുന്നപ്പോള്‍ ദാഹിച്ച് കരഞ്ഞുവെന്നും ദാഹം സഹിക്കാനാവാതെ ഇസഹാഖ് കാലിട്ടടിച്ചപ്പോള്‍ ജലം ധാരയായി പ്രവഹിച്ചു എന്നുമാണ് സംസം കിണറിനെ പറ്റിയുള്ള ഐതിഹ്യം.

പനിനീര്‍, ഊദ്, കസ്തൂരി എന്നിവയുടെ മിശ്രിതം പുരട്ടിയ വെള്ളത്തുണി ഉപയോഗിച്ച് ഉള്‍‌വശത്തെ ചുവരുകളാണ് ആദ്യം കഴുകിയത്. തുടര്‍ന്ന് സംസം കിണറിലെ വിശുദ്ധജലത്തില്‍ പനിനീര്‍ ചേര്‍ത്ത്, തറയില്‍ ഒഴിക്കുകയും ഈന്തപ്പന ഓലയും വെറും കൈകളും ഉപയോഗിച്ച് തറ തുടച്ച് വൃത്തിയാക്കുകയും ചെയ്തു.

കഴുകല്‍ ചടങ്ങിന് ക‌അ‌ബയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായി ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ ഏഴുപ്രാവശ്യം ക‌അ‌ബയെ വലം‌വച്ചു. തുടര്‍ന്ന്, ക‌അ‌ബയുടെ കാവല്‍ കാലാകാലങ്ങളായി ഏറ്റെടുത്ത് നടത്തുന്ന ബാനി ശയബയുടെ കയ്യില്‍ നിന്ന് രാജകുമാരന്‍ ക‌അ‌ബയുടെ താക്കോല്‍ ഏറ്റുവാങ്ങി. ‘ദൈവത്തിന്റെ ഭവനം’ എന്നറിയപ്പെടുന്ന ക‌അ‌ബയില്‍ പ്രവേശിച്ച രാജകുമാരന്‍ രണ്ട് രകാഹുകകള്‍ അനുഷ്ഠിച്ചതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി.

തുണിയും ടിഷ്യൂ കടലാസും ഉപയോഗിച്ച് ചുവരുകളും തറയും തുടച്ചതിന് ശേഷം വിലപിടിപ്പുള്ള സുഗന്ധദ്രവ്യങ്ങള്‍ ക‌അ‌ബയുടെ ഉള്ളില്‍ പുകയ്ക്കുകയും ഉണ്ടായി.

മരം കൊണ്ടുണ്ടാക്കിയതാണ് ക‌അ‌ബയുടെ വാതില്‍. ഇത് 280 കിലോഗ്രാം സ്വര്‍ണ്ണം കൊണ്ട് പൊതിഞ്ഞിരിക്കുന്നു. മുസ്ലീങ്ങള്‍ പുണ്യദേവാലയമായി കണക്കാക്കുന്ന കഅബ കഴുകുന്നത് വര്‍ഷത്തില്‍ രണ്ടുതവണയാണ്. അറബി കലണ്ടര്‍ പ്രകാരം, ശാബാന്‍ 15നും മുഹറം പകുതിയിലുമാണിത്.

വെബ്ദുനിയ വായിക്കുക