കുട്ടികളുടെ എണ്ണം കൂടിയതിന് പിഴ: കര്‍ഷകന്‍ ജീവനൊടുക്കി

തിങ്കള്‍, 9 ഡിസം‌ബര്‍ 2013 (12:21 IST)
PRO
PRO
ചൈനയില്‍ ഒറ്റക്കുട്ടി നയം മൂലം കര്‍ഷകന് നഷ്ടപ്പെട്ടത് സ്വന്തം ജീവന്‍. കുട്ടികളുടെ എണ്ണം കൂടിയതിനാല്‍ ഇയാളുടെ കുടുംബത്തിനുള്ള ഭക്ഷ്യവസ്തുക്കള്‍ അധികൃതര്‍ പിടിച്ചെടുത്തതിന്റെ മനോവിഷമത്തില്‍ ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. അഞ്ച് കുട്ടികളുടെ പിതാവായ അയ് ഡ്വാങ്ഡോങ്(45) ആണ് കീടനാശിനി കഴിച്ചു ജീവനൊടുക്കിയത്.

അടുത്ത കൊയ്ത്തുകാലം വരെ ഈ കുടുംബത്തിന് കഴിയാനുള്ള ധാന്യങ്ങള്‍ ആണ് പിടിച്ചെടുത്തത്. വടക്കന്‍ പ്രവിശ്യയായ ഹെബെയിലെ വീട്ടിലെത്തിയ അഞ്ച് ഉദ്യോഗസ്ഥര്‍ ധാന്യങ്ങള്‍ ഇയാളില്‍ നിന്നുള്ള പിഴയായി കണ്ടുകെട്ടുകയായിരുന്നു. ഇതേക്കുറിച്ച് പരാതിപ്പെടാന്‍ പ്രദേശത്തെ കമ്മ്യൂണിസ്റ്റ് തലവന്റെ വീട്ടിലെത്തിയ ഡ്വാങ്ഡോങ് അവിടെ വച്ചാണ് കീടനാശിനി കഴിച്ചത്.

നാല് പെണ്മക്കളും ഒരു മകനും ആണ് ഇയാള്‍ക്കുള്ളത്.

ചൈനയില്‍ ഒറ്റക്കുട്ടി നയം വളരെ കര്‍ശനമാണ്. നിയമം ലംഘിക്കുന്ന മാതാപിതാക്കളെ വിചാരണ കൂടാതെ തടവിലിടാവുന്നതടക്കമുള്ള നിയമങ്ങള്‍ രാജ്യത്തുണ്ട്.

ഒറ്റക്കുട്ടി നയത്തില്‍ ഇളവ് അനുവദിക്കാന്‍ ചൈന ആലോചിക്കുന്നുണ്ടെങ്കിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും കര്‍ശന നിയമം നിലനില്‍ക്കുകയാണ്.

വെബ്ദുനിയ വായിക്കുക