കുടുംബത്തോടൊപ്പം തടാകത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വയസുകാരനെ ചീങ്കണ്ണി പിടികൂടി- വീഡിയോ

ബുധന്‍, 15 ജൂണ്‍ 2016 (19:03 IST)
കുടുംബാംഗങ്ങള്‍ക്കൊപ്പം ഹോട്ടലിലെ തടാകത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വയസുകാരനെ ചീങ്കണ്ണി പിടികൂടി. ഓര്‍ലാന്‍ഡോയിലെ ഡിസ്‌നി വേള്‍ഡ് റിസോര്‍ട്ടിന് സമീപമുള്ള തടാകത്തിലാണ് മാതാപിതാക്കള്‍ നോക്കിനില്‍ക്കെ ഈ ദുരന്തം നടന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരും നാവികസേനയും സംയുക്തമായി തെരച്ചില്‍ നടത്തിയെങ്കിലും കുഞ്ഞിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
 
ഫ്‌ളോറിഡയിലെ വാള്‍ട്ട് ഡിസ്‌നി റിസോര്‍ട്ടില്‍ അവധിക്കാലം ആഘോഷിക്കാന്‍ വേണ്ടിയാണ് കുടുംബാംഗങ്ങള്‍ എത്തിയത്. കുടുംബത്തോടൊപ്പം തടാകത്തില്‍ കുളിക്കാനിറങ്ങിയ കുട്ടിയെ അപ്രതീക്ഷിതമായാണ് ചീങ്കണ്ണി പിടികൂടിയത്. തുടര്‍ന്ന് കുഞ്ഞിനെ രക്ഷിക്കാനായി കുടുംബാംഗങ്ങള്‍ ശ്രമിച്ചെങ്കിലും ആ ശ്രമം വിഫലമാകുകയായിരുന്നു. ഇതിനിടയില്‍ കുട്ടിയുടെ അച്ഛന്റെ കൈയ്യില്‍ ചീങ്കണ്ണി മാന്തി പരുക്കേല്‍പ്പിക്കുകയും ചെയ്തു. തടാകത്തിലിറങ്ങരുതെന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ അവഗണിച്ചാണ് കുടുംബാംഗങ്ങള്‍ തടാകത്തിലിറങ്ങിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക