കാപ്പി അധികം കുടിക്കുന്നത് അരോഗ്യത്തിന് ഹാനികരമാണെന്നാണ് പൊതുവെയുളള വിശ്വാസം. എന്നാല്‍, ഈ വിശ്വാസം തിരുത്താന്‍ സമയമായെന്നാണ് അടുത്തിടെ നടത്തിയ ഗവേഷണത്തില്‍ തെളിഞ്ഞത്.
ദിവസവും ഒരു കപ്പ് കോഫി കുടിക്കുന്നത് അല്‍ഷിമേഴ്സ് രോഗത്തെ ചെറുക്കാന്‍ സഹായിക്കുമെന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയത്. ജേണല്‍ ഓഫ് ന്യൂറോ ഇന്‍ഫ്ലമേഷന്‍റെ പ്രസിദ്ധീകരണത്തിലാണ് ഈ വാര്‍ത്തയുള്ളത്.
ശാസ്ത്രജ്ഞര്‍ അല്‍ഷിമേഴ്സിന് കാരണമായി പരിഗണിക്കുന്ന ഉയര്‍ന്ന തോതിലുള്ള കൊളസ്ട്രോളില്‍ നിന്നും മസ്തിഷ്കത്തിന് സംരക്ഷണം നല്‍കാന്‍ കഫൈന് കഴിവുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
നോര്‍ത്ത് ഡക്കോട്ട സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് മെഡിസിന്‍ ആന്‍ഡ് ഹെല്‍ത്ത് സയന്‍സസിലെ ഗവേഷകരാണ് പഠനം നടത്തിയത്. മുയലുകളിലാണ് പഠനം നടന്നത്. ദിവസം മുന്ന് മില്ലീഗ്രാം കഫീനാണ് മുയലുകള്‍ക്ക് നല്‍കിയത്. ഒരു മനുഷ്യന്‍ ഒരു ദിവസം ഒരു കപ്പ് കാപ്പി കുടിച്ചാല്‍ ലഭിക്കുന്ന കഫീനിന്‍റെ അത്രയും തുല്യമായ അളവാണ് മുയലുകള്‍ക്കും നല്‍കിയത്. ധാരാളം കൊളസ്‌ട്രോള്‍ അടങ്ങിയ ഭക്ഷണം ഈ ദിവസങ്ങളില്‍ മുയലുകള്‍ക്ക് നല്‍കുകയും ചെയ്തു.
പന്ത്രണ്ട് ആഴ്ചകള്‍ക്ക് ശേഷം നടന്ന ലബോറട്ടറി ടെസ്റ്റുകളില്‍ കഫൈന്‍ കഴിച്ച മുയലുകളില്‍ കൊളസ്ട്രോള്‍ കുഴപ്പം ചെയ്യുന്നില്ലെന്ന് കണ്ടെത്തി. കൊളസ്ട്രോള്‍ ഉണ്ടാക്കുന്ന ദോഷഫലങ്ങള്‍ തടയാന്‍ കഫൈന് കഴിഞ്ഞത് മൂലമാണ് ഇത്.