ഈജിപ്തില്‍ സൈന്യം അധികാരം പിടിച്ചെടുത്തു; പ്രസിഡന്റ് മുഹമ്മദ് മുര്‍സി തടങ്കലില്‍

വ്യാഴം, 4 ജൂലൈ 2013 (08:35 IST)
PRO
താഹ്തീര്‍ സ്ക്വയര്‍ വീണ്ടും രക്ഷരൂക്ഷിത സമരത്തിന് സാക്ഷ്യം വഹിക്കുന്നു. പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ സൈന്യം ഭരണത്തിന്റെയും രാജ്യത്തിന്റേയും നിയന്ത്രണം ഏറ്റെടുത്തു. ഭരണഘടന റദ്ദാക്കിയ സൈന്യം ഈജിപ്ത് ഭരണഘടനാ കോടതി ചീഫ് ജസ്റ്റിസിനെ ഇടക്കാല പ്രസിഡന്റായി പ്രഖ്യാപിച്ചു.

അതേസമയം മുര്‍സിയെ അനുകൂലിച്ചും എതിര്‍ത്തും തഹ്തീര്‍ സ്‌ക്വയറില്‍ പ്രകടനങ്ങള്‍ തുടരുകയാണ്. മുര്‍സി അനുകൂലികളും വിരുദ്ധരും തമ്മില്‍ രാജ്യത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. വിവിധ ഏറ്റുമുട്ടലുകളില്‍ 20 പേര്‍ കൊല്ലപ്പെട്ടു.

പ്രതിസന്ധി പരിഹരിക്കാന്‍ സൈന്യം നല്‍കിയ അന്ത്യശാസന സമയപരിധി അവസാനിച്ചതിനെ തുടര്‍ന്നാണ് സൈന്യത്തിന്റെ കടുത്ത നടപടി. മുസ്ലീം ബ്രദര്‍ ഹുഡിന്റെ ടെലിവിഷന്‍ സംപ്രേഷണം നിരോധിച്ച സൈന്യം മുര്‍സിയെ അറസ്റ്റ് ചെയ്ത് അജ്ഞാത കേന്ദ്രത്തിലെക്ക് മാറ്റിയെന്നാണ് വിവരം.

പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചടക്കിയ സൈന്യം ഔദ്യോഗിക മാധ്യമത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തു. സൈനിക മേധാവി ജനറല്‍ അബ്ദേല്‍ ഫത്താ അല്‍ സീസിയാണ് ടെലിവിഷനിലൂടെ ജനങ്ങളോട് സംസാരിച്ചത്.
2012 ജണ്‍ 30നാണു മുര്‍സി അധികാരമേറ്റെടുത്തത്.താമറോഡ് (അറബി ഭാഷയില്‍ വിമതര്‍ എന്നാണ് ഈ പദത്തിന്‍റെ അര്‍ഥം) എന്ന് അറിയപ്പെടുന്ന സംഘം ആരംഭിച്ച മുര്‍സി വിരുദ്ധ നീക്കങ്ങളാണ് ഇപ്പോള്‍ അട്ടിമറിയിലെത്തിയത്.

എന്നാല്‍ മുര്‍സിയെ പിന്തുണച്ച്‌ നൂറു കണക്കിന്‌ മുസ്ലിം ബ്രദര്‍ഹുഡ്‌ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. അട്ടിമറി നീക്കം തടയാന്‍ ജനങ്ങള്‍ മുന്നോട്ടുവരണമെന്നും മുസ്ലീം ബ്രദര്‍ഹുഡ്‌ നേതാക്കള്‍ ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക