ഇനിമുതല്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകളില്‍ പ്രതിയാകുന്നവരെ വന്ധ്യംകരിക്കും

വ്യാഴം, 26 മെയ് 2016 (16:31 IST)
പെണ്‍കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ഇന്തോനേഷ്യ നിയമ നടപടികള്‍ ശക്തമാക്കുന്നു. ഇത്തരം കേസുകളില്‍ അറസ്റ്റിലാകുന്ന പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കാനാണ് ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നത്. മരുന്നുകള്‍ ഉപയോഗിച്ച് വന്ധ്യംകരിക്കുമെന്ന് പ്രസിഡന്റ് ജോക്കോ വിഡോഡോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 
ജയില്‍ മോചിതരാകുന്ന പ്രതികളുടെ ശരീരത്തില്‍ ഇലക്രോണിക് മോണിറ്ററിംഗ് ഡിവൈസ് ഘടിപ്പിക്കും. കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പീഡനങ്ങള്‍ തടയാനായി പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുക മാത്രമേ വഴിയുള്ളൂ ജോക്കോ വ്യക്തമാക്കി.
 
ഇക്കഴിഞ്ഞ ഏപ്രിലില്‍ സുമാത്ര ദ്വീപില്‍ പതിനാലുകാരി ക്രൂരമായി പീഡനത്തിനിരയായ സംഭവത്തിന് ശേഷമാണ് നിയമം ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ഏഴ് കൗമാരപ്രായക്കാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊല്ലുകയായിരുന്നു. ശരീരമാകെ മുറിവുകളുമായി വിവസ്ത്രയായ നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. പ്രതികള്‍ക്ക് പത്ത് വര്‍ഷം ജയില്‍ ശിക്ഷ കോടതി വിധിച്ചിരുന്നു. സംഭവത്തിന് ശേഷം ശക്തമായ പ്രതിഷേധമാണ് സുമാത്രയില്‍ നടന്നത്. യുവാക്കളും, സ്ത്രീകളുമടക്കം ആയിരക്കണക്കിന് ആളുകള്‍ തെരുവില്‍ എത്തി പ്രതിഷേധിച്ചിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക